പത്തനംതിട്ട: ജില്ലയില്‍ സാംസ്‌കാരിക സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന് നിര്‍ദേശിച്ച ഏനാദിമംഗലത്തെ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മറ്റു ചില സ്ഥലങ്ങളുടെ പ്രപ്പോസലുകളും വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ച സ്ഥലം നോക്കിയതിനു ശേഷം അന്തിമ തീരുമാനമെടുക്കും.

അഞ്ചേക്കര്‍ സ്ഥലമാണ് സാംസ്‌കാരിക സമുച്ചയ നിര്‍മാണത്തിന് ആവശ്യമായി വേണ്ടത്. സൗജന്യമായി ലഭിക്കുന്ന സ്ഥലത്തിനാണ് പരിഗണന. പത്തനംതിട്ട ജില്ലയില്‍ സാംസ്‌കാരിക സമുച്ചയ നിര്‍മാണം താമസിച്ചു പോയി. മറ്റ് ഒന്‍പതു ജില്ലകളിലും നിര്‍മാണം ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കീഴിലുള്ള പൂതങ്കര നാലാം വാര്‍ഡിലെ അഞ്ച് ഏക്കര്‍ സ്ഥലമാണ് മന്ത്രി സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് ജില്ലയ്ക്ക് ചട്ടമ്പി സ്വാമികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം അനുവദിച്ചത്.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജഗോപാലന്‍ നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആര്‍.ബി. രാജീവ് കുമാര്‍, എസ്. മഞ്ജു, പഞ്ചായത്ത് അംഗം ലക്ഷ്മി ജി നായര്‍, ഏനാദിമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ.കെ.മോഹന്‍കുമാര്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.