വയനാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയ നാല്് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തിയ മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മക്കിമല ഗവ. എല്‍.പി സ്‌കൂള്‍ എന്നിവക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയത്.

നൂറ്ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ അഞ്ച് സ്‌കൂളുകളിലെ നവീകരിച്ച ഹയര്‍സെക്കണ്ടറി ലാബുകളും അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാവും.

സ്‌കൂള്‍തല പരിപാടികളില്‍ എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ വിദ്യാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടക്കുക.

മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 13 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഡൈനിംഗ് ഹാള്‍, കിച്ചണ്‍, സ്റ്റേജ് എന്നിവയുള്‍പ്പെട്ട 3 നില കെട്ടിടമാണ് പൂര്‍ത്തീകരിച്ചത്. അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 16 ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, സെമിനാര്‍ ഹാള്‍, ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ എന്നിവയുള്‍പ്പെട്ട 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പുതിയ കെട്ടിടങ്ങള്‍. മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 12 ക്ലാസ് മുറികള്‍, ഡൈനിംഗ് ഹാള്‍, റെസ്റ്റ് റൂം, ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്.

മൂന്ന് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മക്കിമല ഗവ. എല്‍.പി സ്‌കൂളിന്് ക്ലാസ് മുറികള്‍, സെമിനാര്‍ ഹാള്‍ എന്നിവ നിര്‍മ്മിച്ചത്. തരിയോട് ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്, വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ്, വാളാട് ജി.എച്ച്.എസ്.എസ്, ആറാട്ടുതറ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഹയര്‍സെക്കണ്ടറി ലാബുകളാണ് നവീകരിച്ചത്. കിഫ്ബി ഫണ്ടില്‍ 1 കോടി രൂപ വീതം ഉപയോഗപ്പെടുത്തി അച്ചൂര്‍ ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി ജി.എച്ച്.എസ്.എസ്, ആറാട്ടുതറ ജി.എച്ച്.എസ്.എസ്, പേര്യ ജി.എച്ച്.എസ്, തരുവണ ജി.യു.പി.എസ് എന്നീ സ്‌കൂളുകളിലാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നടക്കുന്നത്.