പാലക്കാട്: കോവിഡ് കാലത്തെ അടച്ചുപൂട്ടലിനുശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പണിപൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍, ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയില്‍ നല്ല പുരോഗതി നേടാന്‍ ആയെങ്കിലും കാലാനുസൃതമായ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ യജ്ഞം ആരംഭിച്ചത്. അക്കാദമിക തലത്തില്‍ മികവിന്റെ കേന്ദ്രങ്ങളായപ്പോഴും പശ്ചാത്തല സൗകര്യ ത്തിന്റെ കാര്യത്തില്‍ പല സ്‌കൂളുകളും ഏറെ പിറകിലായിരുന്നു.
കിഫ്ബിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കി ആണ് സ്‌കൂളുകള്‍ നവീകരിക്കുന്നത്. അടിസ്ഥാനസൗകര്യ ത്തോടൊപ്പം അക്കാദമിക നിലവാരം വര്‍ധിപ്പിക്കാനായി അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കിവരുന്നതായി അദ്ദേഹം പറഞ്ഞു.
കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തി പുതുതായി ജില്ലയില്‍ നിര്‍മ്മിച്ച മൂന്ന് സ്‌കൂളുകളുടെയും നവീകരിച്ച അഞ്ച് ലാബുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതോടൊപ്പം രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തി.
ജില്ലയിലെ ഉള്‍പ്പെടെ സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, 3 ഹയര്‍ സെക്കന്‍ഡറി ലബോറട്ടറികളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. ധനകാര്യ മന്ത്രി കെ.എന്‍ ഗോപാല്‍ മുഖ്യാതിഥിയായി.
കിഫ്ബിയില്‍ നിന്നുള്ള അഞ്ച് കോടിയില്‍ നിര്‍മ്മിച്ച ജി.വി.എച്ച്.എസ്.എസ് അലനല്ലൂര്‍, ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല, കിഫ്ബിയുടെ മൂന്നു കോടി ധനസഹായത്തില്‍ പൂര്‍ത്തീകരിച്ച ജി.വി.എച്ച്.എസ്.എസ് കൊപ്പം എന്നീ സ്‌കൂളുകളുടേയും ജി.എച്ച്.എസ്.എസ് ബിഗ് ബസാര്‍, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ, ജി.എച്ച്.എസ്.എസ് മുതലമട, ജി.എച്ച്.എസ്.എസ് കിഴക്കഞ്ചേരി, ജി.എച്ച്.എസ്.എസ് തേങ്കുറിശ്ശി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളുടേയും ഉദ്ഘാടനമാണ് ജില്ലയില്‍ നടന്നത്. കൂടാതെ ജി.എച്ച്.എസ്.എ,സ് പട്ടഞ്ചേരി, ജി.യു.പി.എസ് പുത്തൂര്‍ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടന്നു.
ജില്ലയിലെ പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.