തൃശ്ശൂർ: നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച മികച്ച ഖരമാലിന്യ സംസ്‌ക്കരണ മാതൃകകള്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നു. ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തില്‍ മികച്ച മാലിന്യസംസ്‌ക്കരണ മാതൃകകള്‍ സൃഷ്ടിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നവകേരള പുരസ്‌ക്കാരം നല്‍കുന്നത്.

പുരസ്‌ക്കാര വിതരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ ടി എന്‍ സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.