വയനാട്: വൈത്തിരി താലൂക്കിലെ കോട്ടപ്പടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വെള്ളിയാഴ്ച്ച (സെപ്തംബര്‍ 17) റവന്യൂ,ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ 3 ന് നടക്കുന്ന ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ ആറാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാണ് കോട്ടപ്പടി വില്ലേജ് ഓഫീസ്. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആധുനിക സൗകര്യ ങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള കാത്തിരിപ്പ് സൗകര്യം, സഹായ ഡെസ്‌ക് സേവനം, ജീവനക്കാര്‍ക്കും ഓഫീസര്‍ക്കും പ്രത്യേകം മുറികള്‍, രേഖകള്‍ സുരക്ഷിതമായും ശാസ്ത്രീയമായും അടുക്കി സൂക്ഷിക്കാനുള്ള റിക്കാര്‍ഡ് മുറി, ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങളിലൂടെ സര്‍ക്കാര്‍ സേവനം ലഭ്യമാക്കുന്നതിനായി കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയും വിധമുള്ള ഐ.ടി. ഉപകരണങ്ങളും, പവര്‍ ബാക്കപ്പും, കണക്റ്റിവിറ്റിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിടം മികവുറ്റ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ജില്ലയില്‍ കുപ്പാടി, നൂല്‍പ്പുഴ, ചെറുകാട്ടൂര്‍, കല്‍പറ്റ, മാനന്തവാടി എന്നീ വില്ലേജ് ഓഫീസുകളാണ് നേരത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കിയത്. പേര്യ, എടവക, വെള്ളമുണ്ട, പനമരം, ചീരാല്‍, മൂപ്പൈനാട് എന്നീ വില്ലേജുകള്‍ കൂടി ഉടനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറും.