തൃശ്ശൂർ: പട്ടികവര്‍ഗവികസന വകുപ്പിന്റെ കീഴിലുള്ള ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പട്ടികവര്‍ഗ യുവതി,യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ജില്ലയില്‍ ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും ആമ്പല്ലൂര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലുമുള്ള നാല് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം.
ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത് (കുടുംബനാഥന്റെ സംരക്ഷകന്റെ വരുമാനം). അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000/ രൂപ ഓണറേറിയം നല്‍കുന്നതാണ്. നിയമനം അപ്രന്റിസിഷിപ്പ് ആക്റ്റ് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുന്നതുമാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ ചാലക്കുടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും ആമ്പല്ലൂര്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ഈ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. ഒരു തവണ പരിശീലനം നേടിയവര്‍ പിന്നീട് അപേക്ഷിക്കാന്‍ പാടുള്ളതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള റേഷന്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതും വരുമാനം സംബന്ധിച്ച് 200-രൂപ മുദ്ര പത്രത്തില്‍ അഫിഡവിറ്റ് ഹാജരാക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0480-2706100