കാസർഗോഡ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറ് ഹെല്‍ത്ത് വെല്‍നെസ് സെന്ററുകളില്‍ ഔഷധ സസ്യ ഉദ്യാനം ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം വിവിധ സ്ഥാപനങ്ങളില്‍ നടന്നു. ചിറ്റാരിക്കാല്‍ ഗവ: മാതൃക ഹോമിയോ ഡിസ്പന്‍സറിയില്‍ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ മുഖ്യാതിഥി ആയിരുന്നു.
അമ്പലത്തുകര ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ പുല്ലൂര്‍ – പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷനും, പരപ്പ ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ കിനാനൂര്‍ – കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവിയും, മാലോത്ത് ഗവ: ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും, ബേളൂര്‍ ഗവ: ഹോമിയോ ഡിസ്പന്‍സറിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോയും, മൊഗ്രാല്‍ ഗവ: യൂനാനി ഡിസ്പന്‍സറിയില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി .താഹിറ യൂസഫും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗങ്ങളെയും പരിചയപെടുത്തികൊണ്ടുള്ള ക്ലാസുകളും നടന്നു. ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, നെല്ലി,കുറുന്തോട്ടി, ആടലോടകം, പനികൂര്‍ക്ക, ഇരുവേലി, കരിനൊച്ചി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ എന്നീ ഔഷധച്ചെടികളാണ് പ്രത്യേകം അളവിലുള്ള സിമെന്റ് ചട്ടികളിലായി നട്ടിരിക്കുന്നത്. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍, ആയുഷ് മിഷന്‍ ജില്ലാ മാനേജര്‍ ഡോ.കെ.സി അജിത്കുമാര്‍, ഹോമിയോ ഡി.എം.ഒ. ഡോ. അശോക് കുമാര്‍, ഐ.എസ്.എം.ഡി.എം.ഒ. ഡോ.സ്റ്റെല്ല ഡേവിഡ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍നടന്ന പരിപാടിയില്‍ പങ്കെടുത്തു.