പാലക്കാട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ മുഖാന്തിരം നെന്മാറ ബ്ലോക്കില് നടപ്പാക്കിവരുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയായ എസ്.വി.ഇ.പി അഥവാ സ്റ്റാര്ട്ട് അപ്പ് വില്ലജ് എന്റര്പ്രണര്ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീയില് അംഗത്വമുള്ള ആറ് മാസ കാലാവധി പൂർത്തീകരിച്ച് സജീവമായി പ്രവര്ത്തിക്കുന്ന അയല്ക്കൂട്ടങ്ങളിലെ കുടുംബശ്രീ അംഗങ്ങള്ക്കോ, കുടുംബാംഗങ്ങള്ക്കോ സംരംഭങ്ങള് ആരംഭിക്കുന്നതിന് സാങ്കേതിക, സാമ്പത്തിക സഹായം നല്കും.
നെന്മാറ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും സ്ഥിര താമസക്കാരായ സംരംഭം ആരംഭിക്കാന് താല്പര്യമുള്ളവര് അതാതു പഞ്ചായത്തിലുള്ള കുടുംബശ്രീ ഓഫീസില് ബന്ധപ്പെടണം. നാളിതുവരെ ആയി 832 സംരംഭങ്ങള് പദ്ധതിയിലൂടെ ആരംഭിക്കുവാന് സാധിച്ചതായി കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് അറിയിച്ചു. കാര്ഷികേതര സംരംഭങ്ങളാണ് പദ്ധതിയിലൂടെ ആരംഭിക്കുവാന് സാധിക്കുക.
വ്യക്തിഗത സംരംഭകളോ, മൂന്ന് പേരെങ്കിലും ഉള്ള ഗ്രൂപ്പ് സംരംഭങ്ങളോ ആരംഭിക്കാം. വിവിധ ഘട്ടങ്ങളിലായി സംരംഭകര്ക്ക് വേണ്ട പരിശീലനങ്ങളും നല്കും. വിത്തനശ്ശേരിയില് സ്ഥിതി ചെയ്യുന്ന നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തില് ബ്ലോക്ക് റിസോഴ്‌സ് സെന്റര് എന്ന പേരില് എസ്.വി.ഇ.പി പദ്ധതിയുടെ ഓഫീസ് പ്രവര്ത്തിക്കുന്നുണ്ട്.