തൃശ്ശൂർ: വികസനത്തിനെ എതിര്‍ക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. തീരത്തിന്റെ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യം ജൈവ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ തീരദേശ ആവാസ പുനഃസ്ഥാപനവും ജൈവ സംരക്ഷണവും എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ് എന്‍ പുരം വേക്കോട് ബീച്ചില്‍ ചെടികള്‍ നട്ട് മന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചു.

പ്രകൃതിയോടിണങ്ങി തീരത്തിന്റെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്ന ശ്രീനാരായണപുരം പഞ്ചായത്തിന്റെ പദ്ധതി കേരളത്തിലെ മോഡല്‍ പ്രോജക്ടായി അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനമൊട്ടാകെ ഇതേ മാതൃകയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കരിങ്കല്ല് ഉപയോഗിച്ചുള്ള തീരസംരക്ഷണത്തിന്റെ കാലം കഴിഞ്ഞു. കടല്‍ത്തീരങ്ങളില്‍ ഉണ്ടാകേണ്ടിയിരുന്ന കണ്ടല്‍ചെടികള്‍ തുടച്ചുനീക്കിയത് മൂലം മത്സ്യസമ്പത്ത് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തീര സംരക്ഷണത്തിനും മത്സ്യസമ്പത്ത് തിരികെ പിടിക്കാനും ജൈവ കവചമാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. കടലിനോട് ഇണങ്ങി വേണം കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കാന്‍. വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചെറു മീനുകളെ ട്രോളറുകള്‍ ഉപയോഗിച്ച് പിടിച്ചു കൊണ്ടും കടലിനെ ആക്രമിക്കുന്ന പ്രവണതയാണ് നിലവില്‍ കാണുന്നത്. കടലിന്റെ ആവാസവ്യവസ്ഥയ്ക്കും സന്തുലിതാവസ്ഥയ്ക്കും ഇത് മാറ്റം വരുത്തുന്നു. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും കടലിനെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ശ്രീനാരായണപുരം പഞ്ചായത്തിലെ നാല് വാര്‍ഡുകളിലുള്‍പ്പെടുന്ന 3.5 കിലോമീറ്റര്‍ നീളമുള്ള അറബിക്കടല്‍ തീരത്തിന്റെ ആവാസ വ്യവസ്ഥാ പുനഃസ്ഥാപനത്തിനും പരിപാലനത്തിനും ദുരന്ത നിവാരണത്തിനുമായാണ് സമഗ്ര പദ്ധതിക്ക് രൂപം നല്‍കിയത്. പരിസ്ഥിതി പുനര്‍നിര്‍മ്മാണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് പഞ്ചായത്തിനൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്‍, ഐ യു സി എന്‍, വനംവകുപ്പ്, ഇറിഗേഷന്‍, ഫിഷറീസ്, എം.ഇ.എസ് അസ്മാബികോളേജ് ബോട്ടണി ഗവേഷണവിഭാഗം എന്നിവരെ ഉള്‍പ്പെടുത്തികൊണ്ടാണ് തീരദേശവാര്‍ഡുകളില്‍ കടല്‍തീരത്ത് മണ്ണൊലിപ്പ് തടയുന്നതിനായി വനവല്‍ക്കരണം നടത്തുന്നത്.

തീരത്തിനനുയോജ്യമായ പുന്ന, പൂപ്പുരത്തി, മുള, കൈത, രാമച്ചം, തീറ്റപ്പുല്ല്, വുങ്ങ്, അടമ്പ് തുടങ്ങിയ വിവിധയിനം സസ്യങ്ങളാണ് വനവല്‍ക്കരണം സാധ്യമാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസ്മാബി കോളേജ് ബോട്ടണി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അമിതാബച്ചന്‍ പദ്ധതി വിശദീകരിച്ചു. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ജയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.