പാലക്കാട്: കേന്ദ്ര സര്ക്കാരിന്റെ ആയൂഷ്മാന് ഭാരതി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്ക്കാരുമായി ചേര്ന്ന് ഹെല്ത്ത് വെല്നസ് സെന്ററുകളായി പ്രഖ്യാപിച്ച ജില്ലയിലെ അഞ്ച് ആയുര്വേദ, ഹോമിയോ ഡിസ്‌പെന്സറികളില് ഔഷധ ഉദ്യാനങ്ങള് ഒരുക്കി പുതുപ്പരിയാരം, മാത്തൂര്, അലനല്ലൂര് ഗവ. ആയൂര്വ്വേദ ഡിസ്‌പെന്സറികള്, പുതുപ്പരിയാരം ഗവ. ഹോമിയോ ഡിസ്‌പെന്സറി, കിണാവല്ലൂര് ഗവ. മോഡല് ഹോമിയോ ഡിസ്‌പെന്സറി എന്നിവിടങ്ങളിലാണ് ഗാര്ഡണ് നിര്മ്മിച്ചത്.
നെല്ലി, കുറുന്തോട്ടി, കീഴാര്നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്, കറ്റാര്വാഴ, മുത്തിള്, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം, അശ്വഗന്ധി എന്നിവ ഉള്പ്പെടെയുള്ള പ്രധാനപ്പെട്ട ഔഷധസസ്യങ്ങളുടെ ശാസ്ത്രനാമവും ഉപയോഗക്രമവും രേഖപ്പടുത്തിയ വിവരങ്ങള് ഗാര്ഡണില് സജ്ജീകരിച്ചിട്ടുണ്ട്. തുടര് പരിപാലനത്തിന് ഓരോ ഡിസ്‌പെന്സറിയിലും പ്രത്യേകസമിതി രൂപീകരിച്ച് പരിപാലനചുമതലകള് നല്കുന്നതിനും തീരുമാനമായി.
മാത്തൂര് ഗവ. ആയൂര്വ്വേദ ഡിസ്‌പെന്സറിയിലെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. പ്രസാദ് നിര്വ്വഹിച്ചു. ഹരിത കേരളം മിഷന് ജില്ലാ കോര്ഡിനേറ്റര് വൈ. കല്ല്യാണ കൃഷ്ണന്, മെഡിക്കല് ഓഫീസര് ഡോ. ദിനേശ് എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുതുപ്പരിയാരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, അലനല്ലൂരില് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന, കിണാവല്ലൂരില് പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുരേഷ്‌കുമാര് എന്നിവര് ഉദ്ഘാടനം നിര്വ്വഹിച്ചു. മെഡിക്കര് ഓഫീസര്മാരായ ഡോ. ദിനേശ്, ഡോ. സുനന്ദ, ഡോ. വാണി, ഡോ. നന്ദിനി, ഡോ. നിഷ്മ, ദേശീയ ആയൂഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര് ആയ ഡോ. സുനിത കെ.എസ്. എന്നിവരും പങ്കെടുത്തു.