പുനര്‍ഗേഹം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തീരമേഖലയില്‍ കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയില്‍ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോല്‍ നല്‍കലും ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരത്ത് വേലിയേറ്റ മേഖലയില്‍ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 7716 പേര്‍ മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ പദ്ധതിയുമായി സഹകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിലവില്‍ താമസിക്കുന്ന മേഖലയോടുള്ള ആത്മബന്ധം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. നിരന്തര പ്രകൃതിക്ഷോഭത്തില്‍ നിന്ന് തീരദേശവാസികളെ ശാശ്വതമായി രക്ഷിക്കാനുള്ള പദ്ധതിയായാണ് പുനര്‍ഗേഹം സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ ജൈവവേലികള്‍ നിര്‍മിച്ച് ബഫര്‍ സോണാക്കി മാറ്റി തീരസംരക്ഷണം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം 403 വീടുകള്‍ പൂര്‍ണമായും 564 വീടുകള്‍ ഭാഗികമായും കടലാക്രമണത്തില്‍ തകര്‍ന്നു. തീരമേഖലയിലെ ഒരു കുടുംബത്തിന് രണ്ടോ മൂന്നോ സെന്റ് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയാണ് പദ്ധതിയില്‍ നല്‍കുന്നത്. ഭവന നിര്‍മാണത്തിന് നാലു ലക്ഷം രൂപയും. ഭൂമി വില ആറ് ലക്ഷത്തില്‍ താഴെയാണെങ്കില്‍ ബാക്കി തുക ഭവന നിര്‍മാണത്തിനായി അനുവദിക്കും. ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായ തുക ഗുണഭോക്താവ് മുന്‍കൂര്‍ അടയ്ക്കേണ്ടി വരുന്നത് ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
2450 കോടി രൂപയാണ് പുനര്‍ഗേഹം പദ്ധതിക്കായി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 260 വ്യക്തിഗത വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇപ്പോള്‍ 30.8 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 308 വീടുകളില്‍ ഗൃഹപ്രവേശം നടക്കുന്നു. കൊല്ലം ജില്ലയിലെ ക്യു. എസ്. എസ് കോളനിയിലെ ഫ്ളാറ്റുകള്‍ ഡിസംബര്‍ അവസാനം കൈമാറും. സംസ്ഥാനത്തെ വിവിധ തീരദേശ ജില്ലകളില്‍ 898 ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 89.80 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
2363 പേര്‍ വീടു നിര്‍മാണത്തിനായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. 1746 പേര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 601 പേര്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
പൊന്നാനിയിലും തിരുവനന്തപുരം ബീമാപള്ളിയിലുമാണ് ഫ്്ളാറ്റുകള്‍ നിര്‍മിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.