ആലപ്പുഴ: സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള പുനര്‍ഗേഹം പദ്ധതി വഴി നിര്‍മിച്ച വീടുകളുടെയും ഭവന സമുച്ചയങ്ങളുടെയും സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ലൈഫ് മിഷന് രൂപം നല്‍കിയത്. ഈ പദ്ധതി വഴി ഇതുവരെ രണ്ടര ലക്ഷത്തോളം വീടുകള്‍ കൈമാറി. ഇതോടൊപ്പം നടത്തുന്ന പ്രധാന പദ്ധതികളിലൊന്നാണ് തീരദേശത്ത് 50 മീറ്റര്‍ വേലിയേറ്റ പരിധിക്കുള്ളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം.
രാജ്യത്ത് തീരദേശ വാസികളുടെ സുരക്ഷ ഉറപ്പാക്കാനായി നടത്തുന്ന ആദ്യ പുനരധിവാസ പദ്ധതിയാണിത്. 2450 കോടി രൂപ ചെലവിലാണ് പുനര്‍ഗേഹം നടപ്പാക്കുന്നത്. പദ്ധതിയില്‍ 260 വ്യക്തിഗത വീടുകളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയത്. 30.8 കോടി രൂപ ചെലവില്‍ നിര്‍മിച്ച 308 വ്യക്തിഗത വീടുകളുടെ ഗൃഹപ്രവേശനമാണ് ഇപ്പോള്‍ നടക്കുന്നത്.
നിരന്തരം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തീരത്തുനിന്നും കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാകില്ല. കടലാക്രമണം രൂക്ഷമായ പ്രദേശത്ത് ജൈവ കവചം നിര്‍മിച്ച് സംരക്ഷണം ഒരുക്കും. തീരസംരക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കിയുള്ള ഒട്ടേറെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
താക്കോല്‍ദാനത്തിന്റെ ജില്ലാതല ഉദ്ഘാടനവും അമ്പലപ്പുഴ മണ്ഡലത്തിലെ 27 വീടുകളുടെ താക്കോല്‍ ദാനവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. പുനര്‍ഗേഹം പദ്ധതി വഴി വീട് നിര്‍മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോഴുള്ള രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ഗുണഭോക്താവിന് 55,000 രൂപ വരെ ലാഭിക്കാനാകും. ജില്ലയിലെ 34 ഗുണഭോക്താക്കള്‍ക്കാണ് താക്കോല്‍ കൈമാറിയത്. സഹകരണ വകുപ്പ് സംസ്ഥാനത്ത് 2600 വീടുകളാണ് നല്‍കുന്നത്. തീരപ്രദേശത്തുള്ളവര്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയായി പുനര്‍ഗേഹം മാറിയെന്നും മന്ത്രി പറഞ്ഞു.
എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി. വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എസ്. സുദര്‍ശന്‍, കെ. കവിത, എസ്. ഹാരിസ്, പി.ജി. സൈറസ്, സജിത സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. വേണുലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഐ. രാജീവ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.