നൂറുദിന കർമ്മ പരിപാടി

മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മാണം പൂർത്തിയായ 14 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും താക്കോൽ കൈമാറ്റമാണ് നടന്നത്. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതിയിൽ ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറ്റം ജില്ലയിൽ നാലു വേദികളിലായി നടന്നു.

കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതലപരിപാടിയിൽ പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് താക്കോൽ കൈമാറി. ചടങ്ങിൽ അഞ്ച് പേർക്കാണ് താക്കോൽ കൈമാറിയത്. നാട് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ രക്ഷകരായി വന്ന സൈനികരാണ് മത്സ്യത്തൊഴിലാളികളെന്നും അവരോടുള്ള നമ്മുടെ നാടിന്റെ സമർപ്പണമാണിതെന്നും മന്ത്രി പറഞ്ഞു.

കടലാക്രമണവും കടൽക്ഷോഭവും കാരണമുള്ള പ്രതിസന്ധികൾ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം എന്ന പ്രധാന ലക്ഷ്യമാണ് സർക്കാർ നടപ്പാക്കുന്നത്.
18,685 കുടുംബങ്ങൾക്ക് സുരക്ഷിത ജീവിതം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഒരു കുടുംബത്തിന് പരമാവധി 10 ലക്ഷം രൂപ മാറ്റി വെച്ചു. പദ്ധതിക്കായി ആകെ 2,450 കോടി രൂപയാണ് മാറ്റി വെച്ചത്. ജില്ലയിൽ 14 വീടുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. നിലവിൽ 71 പേർക്ക് ജില്ലയിൽ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ 62 പേർ ഭൂമി രജിസ്റ്റർ ചെയ്തു. 22 പേർ വീട് നിർമ്മാണവും പൂർത്തിയാക്കി. വെസ്റ്റ്ഹില്ലിൽ 80 യൂണിറ്റുകൾ ഉള്ള ഭവന സമുച്ചയം കൂടി വിഭാവനം ചെയ്തിട്ടുണ്ട്. അതിന്റെ പ്രവൃത്തി ഉടനെ തുടങ്ങും. സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്ന ചിലർ ഇപ്പോഴും ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല. അവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയിൽ ചാലിയം മുതൽ അഴിയൂർ വരെ ഏകദേശം 80 കി.മീറ്റർ വ്യാപിച്ചു കിടക്കുന്ന തീരദേശത്ത് 34 മത്സ്യ ഗ്രാമങ്ങളിലായി 2,609 കുടുംബങ്ങളാണ് 50 മീറ്ററിനുള്ളിൽ താമസിച്ചു വരുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ 318 പേരാണ് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ 17 പേർ വീടും സ്ഥലവും ഒന്നിച്ചു കണ്ടെത്തുകയും 53 പേർ സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് ജില്ലാ കലക്ടർ ചെയർമാനായ ജില്ലാ തല അപ്രൂവൽ കമ്മറ്റി അംഗീകരിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഏകദേശം 50 ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ മരണപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് ചടങ്ങിൽ ഇൻഷുറൻസ് തുക കൈമാറി.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ എം.മഹേഷ്, പണ്ടാരത്തിൽ പ്രസീന, സി.പി.സുലൈമാൻ, സോഫിയ അനീഷ്, ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പി.കെ.രഞ്ജിനി, മത്സ്യബോർഡ് റീജ്യണൽ എക്‌സിക്യുട്ടിവ് സുധീർ കിഷൻ ബി.കെ, ജൂനിയർ എക്‌സിക്യുട്ടീവ് ആദർശ്, ഫിഷറീസ് ഓഫീസർമാരായ പി. ശ്രീജിത്ത്, കെ. ദീപ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എലത്തൂർ നിയോജക മണ്ഡലത്തിൽ നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ താക്കോൽദാനം നിർവ്വഹിച്ചു. സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ. പി. ഷിജിന, കൗൺസിലർമാരായ മനോഹരൻ മാങ്ങാറിയിൽ, വി.കെ.മോഹൻദാസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മെർലിൻ അലക്‌സ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൊയിലാണ്ടി ഇ.എം.എസ് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ താക്കോൽ കൈമാറി. മൂന്നുപേർക്കാണ് ഇവിടെ താക്കോൽ കൈമാറിയത്.

വടകര നിയോജക മണ്ഡലത്തിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം.എൽ.എ താക്കോൽദാനം നിർവ്വഹിച്ചു. അഞ്ച് പേർക്കാണ് താക്കോൽ കൈമാറിയത്. നഗരസഭ സാംസ്ക്കാരിക നിലയത്തിൽനടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ. പി.ബിന്ദു, വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.