ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള ഭീഷണികളില്‍ നിന്ന് തീരദേശ ജനതയുടെ സുരക്ഷിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കിന്റെ പരിഗണനയിലുള്ളതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.
ചേര്‍ത്തല നിയോജകമണ്ഡലത്തിലെ ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളില്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.
ഫിഷറീസ് വകുപ്പ് നടത്തിയ സര്‍വ്വേ പ്രകാരം ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ 766 കുടുംബങ്ങള്‍ തീരപ്രദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നുണ്ട്. മണ്ഡലത്തില്‍ 17 ഗുണഭോക്താക്കള്‍ ഭൂമി കണ്ടെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതില്‍ 10 ഗുണഭോക്താക്കള്‍ ഭവന നിര്‍മാണത്തിന്റെ അവസാന ഗഡു ധനസഹായം കൈപ്പറ്റിയിട്ടുണ്ട്.