കേരളത്തിന്റെ സൈന്യത്തിന് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പുനർഗേഹം പദ്ധതിയിലൂടെ 53 വീടുകളുടെ താക്കോൽക്കൂട്ടമാണ് ജില്ലയിൽ കൈമാറിയത്. തീരദേശവാസികളുടെ സാമൂഹിക ജീവിതത്തിന് ഉറപ്പ് നൽകി അവരുടെ ആത്മവിശ്വാസം വർധിപ്പിച്ച് സന്തുഷ്ടമായ തീരദേശം സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനവേളയിൽ പറഞ്ഞു. സംസ്ഥാനത്ത് പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 308 വീടുകളുടേയും 303 ഫ്ലാറ്റുകളുടേയും ഗൃഹപ്രവേശനവും താക്കോൽ ഏൽപ്പിക്കലുമാണ് നടന്നത്. എറിയാട് ബി ആർ അംബേദ്കർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല പരിപാടി റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സ്വന്തം മത്സ്യത്തൊഴിലാളി സൈന്യത്തിന് യാതൊരു വിധത്തിലുമുള്ള അപകടം സംഭവിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും അവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭൂരഹിതരായ ജനങ്ങൾക്ക് ഭൂമി നൽകുക എന്ന സാക്ഷാത്കാരമാണ് സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കയ്പമംഗലം മണ്ഡലത്തിലെ 43 വീടുകളുടെ താക്കോൽദാനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. മണലൂർ നിയോജക മണ്ഡലത്തിലെ അഞ്ച് വീടുകളുടെ താക്കോൽദാനം വാടാനപ്പള്ളി പഞ്ചായത്ത് ഹാളിൽ മുരളി പെരുനെല്ലി എംഎൽഎയും ഗുരുവായൂർ മണ്ഡലത്തിലെ വീടുകളുടെ താക്കോൽ ദാനം ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഹാളിൽ എൻ കെ അക്ബർ എംഎൽഎയും നിർവ്വഹിച്ചു. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്ന സ്വപ്ന പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കിയത് തൃശൂർ ജില്ലയിലാണ്. സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതിയുടെ ആദ്യഘട്ടം ജില്ലയിലെ കയ്പമംഗലം മണ്ഡലത്തിലാണ് തുടക്കം കുറിച്ചത്. തീരദേശ പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിൽ തന്നെ പുനർഗേഹം പദ്ധതി നടപ്പാക്കണം എന്ന ഇ ടി ടൈസൺ മാസ്റ്റർ എം എൽഎയുടെ ആവശ്യപ്രകാരമാണ് പദ്ധതി കയ്പമംഗലം മണ്ഡലത്തിൽ ആദ്യം നടപ്പാക്കപ്പെട്ടത്. അഴീക്കോട്, എറിയാട്, എടവിലങ്ങ്, പടിഞ്ഞാറേ വെമ്പല്ലൂർ, കൂളിമുട്ടം, പെരിഞ്ഞനം, കയ്പമംഗലം, ചെന്ത്രാപ്പിന്നി, ചപ്പള്ളിപുരം, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, കടപ്പുറം, ബ്ലാങ്ങാട്, മന്ദലാംകുന്ന് എന്നീ വില്ലേജുകളിലായി 939 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 670 ഗുണഭോക്താക്കൾക്ക് അനുമതി ലഭിച്ചു. 435 പേർ താമസം മാറാൻ തയ്യാറായി. മണലൂർ നിയോജക മണ്ഡലത്തിൽ പദ്ധതിപ്രകാരം മാറിതാമസിക്കാൻ തയ്യാറായിട്ടുള്ള 39 ഗുണഭോക്താക്കളിൽ 18 പേരുടെ ഭൂമി വില നിശ്ചയിക്കുകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പദ്ധതിപ്രകാരം മാറിതാമസിക്കാൻ തയ്യാറായിട്ടുള്ള 80 പേരിൽ 24 ഗുണഭോക്താക്കളുടെ ഭൂവില നിശ്ചയിക്കുകയും ഭൂരജിസ്ട്രേഷൻ പൂർത്തീകരിക്കുകയും ചെയ്തു.

2,450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 -ഓടെ പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് വകയിരുത്തിയത്. 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങൾക്കും ഇതിനായി നൽകുന്നത്. ഇതിൽ സ്ഥലം വാങ്ങി ബാക്കി മുഴുവൻ പണവും വീടു നിർമിക്കുന്നതിന് ഉപയോഗിക്കാമെന്ന പുതിയ നിയമം കൂടി ഉൾപ്പെടുത്തിയതോടെ 10 ലക്ഷം രൂപയും ഗുണഭോക്താവിന് ലഭിക്കും എന്നതാണ് മറ്റൊരു പ്രയോജനം. പന്ത്രണ്ടുവർഷത്തേക്ക് കൈമാറാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് സ്ഥലം കണ്ടെത്തി വീടുനിർമിക്കാൻ ഓരോകുടുംബത്തിനും 10 ലക്ഷം രൂപ വീതം നൽകുക. 12 വർഷത്തിന് ശേഷം കൈമാറിയാൽ അവരെ സർക്കാരിന്റെ മറ്റു ഭവന പദ്ധതികൾക്ക് പരിഗണിക്കില്ല. ഗുണഭോക്താക്കളായശേഷം മാറിത്താമസിക്കാൻ വിസമ്മതിച്ചാൽ പിന്നീട് കടൽക്ഷോഭംമൂലം വീടിനോ സ്ഥലത്തിനോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ സഹായം നൽകില്ല. ഗുണഭോക്താക്കൾക്ക് വീട് കിട്ടിക്കഴിഞ്ഞാൽ നിലവിൽ താമസിക്കുന്ന വീട് സ്വന്തമായി പൊളിച്ചുമാറ്റി സ്ഥലം ഉപേക്ഷിക്കണം. അഞ്ചുസെന്റിന് മുകളിൽ ഭൂമിയുണ്ടെങ്കിൽ വ്യവസ്ഥകൾക്ക് വിധേയമായി അവിടെ കൃഷി അനുവദിക്കും. നിർമാണങ്ങൾ അനുവദിക്കില്ല. മറ്റു സ്ഥലങ്ങളിൽ ഹരിതകവചം വളർത്തും. എറിയാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി ജോസ്, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.