ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പരിസരവും ശുചിയാക്കാൻ കൈകോർത്ത് ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസവകുപ്പും. ‘കളിമുറ്റമൊരുക്കൽ’ എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതി ജില്ലാ ശുചിത്വ മിഷനാണ് ഏകോപിപ്പിക്കുക. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന പരിപാടി, മുതിർന്നവർക്കുള്ള ഗൃഹാതുര ഓർമ്മകൾ വിളിച്ചുണർത്തുന്ന സേവനവാരം കൂടിയാകുമെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സ്‌കൂളുകൾ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. സ്കൂളും പരിസരവും വൃത്തിയാക്കുക വഴി കുട്ടികളുടെ മനസ് തുറക്കുക എന്ന ആശയവും ഇതിന് പിന്നിലുണ്ട്. വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണവും ഇതിലൂടെ ലക്ഷ്യമിടുന്നു.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട  ആലോചനായോഗവും സംഘാടക സമിതി യോഗവും നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ജില്ലാ ആസൂത്രണ സമിതി ഡെപ്യൂട്ടി കമ്മിഷണർ ബാബുകുമാർ, ശുചിത്വ മിഷൻ പ്രതിനിധി പ്രമോദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി മനോജ്‌ കുമാർ, വിവിധ വകുപ്പ്, സംഘടനാ പ്രതിനിധികൾ  പങ്കെടുത്തു. പി കെ ഡേവിസ് മാസ്റ്റർ (ചെയർമാൻ),  ടി വി മദനമോഹനൻ (ജനറൽ കൺവീനർ) ടി എസ് ശുഭ (ജനറൽ കൺവീനർ-) എന്നിവരുൾപ്പെട്ട സംഘടകസമിതിയും രൂപീകരിച്ചു.