ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ ചേര്‍ത്തല ഡിപ്പോയില്‍ യാത്രാ ഫ്യുവല്‍സ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന പെട്രോള്‍- ഡീസല്‍ പമ്പ് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ലാഭനഷ്ടക്കണക്കുകള്‍ പരിഗണക്കാതെ തന്നെ കെ.എസ്.ആര്‍.ടി.സിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് അനുവദിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എ.എം.ആരിഫ് എം.പി. പറഞ്ഞു.

പൊതുമേഖല എണ്ണ കമ്പനികളുമായി ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യൂവല്‍സ് പദ്ധതി നടപ്പാക്കുന്നത്. ചേര്‍ത്തലയിലെ പമ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നേരത്തെ ധനമന്ത്രി നിര്‍വഹിച്ചിരുന്നു.

പഴയ കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുതിയ പമ്പ്. ഫില്ലിംഗ് സ്റ്റേഷനുകള്‍, ശുചിമുറികള്‍, ലഘു ഭക്ഷണ ശാല,  എയര്‍ ടെസ്റ്റിംഗ്, ഓയില്‍ ചേഞ്ച് കേന്ദ്രം തുടങ്ങിയവയുമുണ്ട്. പെട്രോളിനും ഡീസലിനും രണ്ടു വീതം ഡിസ്‌പെന്‍സറുകളുണ്ട്.

ആദ്യഘട്ടത്തില്‍ പെട്രോള്‍ മാത്രമാകും പൊതുജനങ്ങള്‍ക്ക് നല്‍കുക. ഡീസല്‍ കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യത്തിനു മാത്രമായിരിക്കും. പിന്നീട് പൊതുജനങ്ങള്‍ക്കും ഡീസല്‍ ലഭ്യമാക്കും.