പ്രീതയ്ക്കും വിജയകുമാറിനുമൊക്കെ ഇത് സ്വപ്ന നിമിഷങ്ങള്‍. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഇവര്‍ 1968 മുതല്‍ കൈവശാവകാശം വച്ചിരുന്ന ഭൂമിക്കാണ് പട്ടയമേളയിലൂടെ പട്ടയം ലഭ്യമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടന്ന പത്തനാപുരം താലൂക്ക്തല പട്ടയമേളയില്‍ അഞ്ച് കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്.

പത്തനാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന പട്ടയമേള കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി അദ്ധ്യക്ഷയായി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാദേവി, തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാദേവി, പട്ടാഴി വടക്കേക്കര ഗ്രാമപ്പഞ്ചായംഗം ശോഭനാ ശശിധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പത്തനാപുരം തഹസീല്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്ജ് സ്വാഗതവും പത്തനാപുരം ഭൂരേഖാ തഹസീല്‍ദാര്‍ എം. റഹിം നന്ദിയും രേഖപ്പെടുത്തി.