കോട്ടയം: ഹരിത കേരളം മിഷനും ആയുഷ് മിഷനും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളിൽ ഔഷധ സസ്യ തോട്ടം ആരംഭിച്ചു. പുതുപ്പള്ളി, മരങ്ങാട്ടുപള്ളി, നീണ്ടൂർ ആയുർവേദ ഡിസ്‌പെൻസറികളിലും മൂന്നിലവ്, മാന്നാനം ഹോമിയോ
ഡിസ്‌പെൻസറികളിലുമാണ് ഔഷധസസ്യ തോട്ടം ആരംഭിച്ചത്.
നെല്ലി, കീഴാർനെല്ലി, ബ്രഹ്‌മി, ചിറ്റമൃത്, മഞ്ഞൾ, കറ്റാർവാഴ, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളാണ് ഉദ്യാനത്തിലുള്ളത്. ദേശീയ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഭാഗമായാണ് ഔഷധ തോട്ടങ്ങൾ ഒരുക്കുന്നത്.
ഔഷധസസ്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രീയനാമം, ഉപയോഗക്രമം തുടങ്ങിയവ രേഖപ്പെടുത്തിയ പട്ടികകളും ചെടിയോടൊപ്പമുണ്ട്. വാകത്താനം ഗ്രാമപഞ്ചായത്ത് ഹരിത കർമസേനയുടെ ഹരിത സേവാകേന്ദ്രമാണ് ഔഷധ സസ്യതോട്ടം ഒരുക്കിയത്.