മലപ്പുറം: പതിനെട്ട് വയസിന് മുകളിലുള്ള കോവിഡ് വന്ന് മൂന്ന് മാസം കഴിയാത്തവരും ക്വാറന്റീനില്‍ ഇരിക്കുന്നവരും അല്ലാത്ത മുഴുവനാളുകള്‍ക്കും ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കി മങ്കട ഗ്രാമപഞ്ചായത്ത് മാതൃകയായി. മങ്കട ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 37,235 പേര്‍ക്കാണ് ഫസ്റ്റ് ഡോസ് വാക്‌സിന്‍ നല്‍കിയത്. ഗ്രാമപഞ്ചായത്തില്‍ 1,008 ആളുകള്‍ കോവിഡ് പോസിറ്റീവായി വാക്‌സിന്‍ എടുക്കുന്നതിന് മൂന്ന് മാസം തികയാത്തവരും 187 പേര്‍ അലര്‍ജി മറ്റ് അസുഖങ്ങള്‍ കാരണം വാക്‌സിന്‍ എടുത്തിട്ടില്ല.

വാക്‌സിന്‍ വിതരണത്തിന് ആദ്യഘട്ടത്തില്‍ തന്നെ ഗ്രാമപഞ്ചായത്തും മങ്കട സി.എച്ച്.സിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി പറഞ്ഞു. കിടപ്പുരോഗികള്‍,വികലാംഗര്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, കോളജ് വിദ്യാര്‍ഥികള്‍, പ്രവാസികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് വാക്‌സിന്‍ നല്‍കിയത്.

സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തിലും ഗ്രാമപഞ്ചായത്ത് വളരെ മുന്‍പിലാണ്. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ അസ്ഗറലിയുടെയും മെഡിക്കല്‍ ഓഫീസര്‍ ഡോ.ശംസുദ്ധീന്റെയും നേതൃത്വത്തിലുള്ള കൂട്ടായ്മയിലാണ് മങ്കട ഗ്രാമപഞ്ചായത്ത് നേട്ടം കൈവരിച്ചത്.