അവകാശപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കണം: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട: ജില്ലയില്‍ 1977 ന് മുമ്പ് വനഭൂമിയില്‍ നടന്നിട്ടുള്ള കുടിയേറ്റം ക്രമപ്പെടുത്തി 6362 കുടുംബങ്ങള്‍ക്കായി 1970.04 ഹെക്ടര്‍ ഭൂമിയുടെ പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ അവസാന ഘട്ടം എന്ന നിലയില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘം വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. പരിശോധന നടത്തിയ സ്ഥലങ്ങളിലെയും പെരുമ്പെട്ടി ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലേയും അവകാശപ്പെട്ട മുഴുവനാളുകള്‍ക്കും പട്ടയം നല്‍കാന്‍ നടപടി ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു.

റവന്യൂ- വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ബാംഗളൂര്‍ റീജണല്‍ ഓഫീസിലെ അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍ ജനറല്‍ ബി.എന്‍. അഞ്ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

റാന്നി നിയോജകമണ്ഡലത്തിലെ അറയാഞ്ഞിലി മണ്‍, ചണ്ണ, ളാഹ, പെരുന്തേനരുവി, കുരുമ്പന്‍ മൂഴി, ഒളി കല്ല്, ചണ്ണ എന്നീ മേഖലകളാണ് സംഘം സന്ദര്‍ശിച്ചത്. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, തഹസില്‍ദാര്‍ കെ. നവീന്‍ ബാബു, കൊല്ലം സതേണ്‍ സര്‍ക്കിള്‍ എഡിസിഇ അശ്വിന്‍ കുമാര്‍, റേഞ്ച് ഓഫീസര്‍മാരായ ആര്‍. വിനോദ്, കെ.എസ്. മനോജ്, എസ്. മണി എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.