കലാകാരന്‍മാരെ സഹായിക്കാന്‍ കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കും: സഹകരണമന്ത്രി വി.എന്‍. വാസവന്‍

പത്തനംതിട്ട: കോവിഡ് കാലത്ത് കലാകാരന്‍മാരെ സഹായിക്കുന്നതിനായി കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഏഴംകുളം സഹകാരി ലാഭം സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സാഹിത്യ കലാ സംഘത്തിന് സമാനമായി കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന സിനിമ, സീരിയല്‍, നാടകം, മിമിക്രി, മോണോആക്ട്, വാദ്യകലാകാരമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതിന് സഹകരണ സംഘം രൂപീകരിക്കും. ഇതിനായുള്ള ബൈലോ തയാറാക്കിവരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 27 യൗവന സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്.

സഹകരണ സംഘങ്ങള്‍ വഴി കോവിഡ് കാലത്ത് പി.പി.ഇ കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍മിച്ച് മാതൃകാപരമായി വിപണനം നടത്താന്‍ സാധിച്ചു. കാര്‍ഷിക മേഖലയിലും, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ പാവപ്പെട്ടവനും സാധാരണക്കാരനും കൈത്താങ്ങാകുന്ന പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖല മാതൃകാപരമായി നടപ്പാക്കി വരുന്നത്.

പൊതുവിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ സഹകരണ മേഖലയ്ക്കായി. കണ്‍സ്യൂമര്‍ ഫെഡ് വഴി ഓണക്കാലത്ത് 2,000 ചന്തകള്‍ നടത്തി വിപണിയില്‍ വില പിടിച്ചുനിര്‍ത്തി. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. സഹകരണ മേഖലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് 2.26 കോടി രൂപ ധനസഹായം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ആദ്യവില്‍പ്പന നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നെടുമണ്‍ സഹകരണബാങ്ക് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇതിന് നേതൃത്വം നല്‍കുന്ന ബാങ്കിന്റെ ഭാരവാഹികളെയും സഹകാരികളെയും നാട്ടുകാരെയും അഭിന്ദിക്കുന്നതായും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

നെടുമണ്‍ സഹകരണബാങ്ക് പ്രസിഡന്റ് കെ. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന പ്രഭ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, അഡ്വ. ആര്‍. ജയന്‍, പത്തനംതിട്ട ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള, കെ.പി. ഉദയഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.