പത്തനംതിട്ട: നാറാണംമൂഴി സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 16 ലക്ഷം രൂപ ചിലവഴിച്ചാണ് നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം പണികഴിപ്പിച്ചത്.
ആര്‍ദ്രം എന്‍.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

വെയിറ്റിംഗ് ഏരിയ, ഇരിപ്പിടം, രോഗികള്‍ക്കായുള്ള ശുദ്ധജലം, പബ്ലിക്ക് അഡ്രസ് സിസ്റ്റം, ഒപി മുറിയിലെ സജീകരണങ്ങള്‍, മുലയൂട്ടല്‍ മുറി എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുന്‍പ് പ്രാഥമികാരോഗ്യകേന്ദ്രമായി പ്രവര്‍ത്തിച്ച വന്നിരുന്ന കെട്ടിടത്തില്‍ ആകെ 13 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഈ കെട്ടിടത്തില്‍ ഒപി മുറി, ലാബ്, ഫാര്‍മസി സ്റ്റോര്‍റൂം, പാലിയേറ്റീവ് മുറി, ഓഫീസ്, പൊതുജനാരോഗ്യം, ജീവനക്കാര്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.

പുതുതായി ക്രമീകരിച്ച ഒപി കെട്ടിടം പ്രവര്‍ത്തന സജ്ജമായതോടെ പൊതുജനങ്ങള്‍ക്ക് ആശുപത്രി സേവനം മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാകും. കേരള സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 19 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.  2018-19 വര്‍ഷത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെടുന്നതിനു തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനമാണ് നാറാണംമൂഴിയിലെ കുടുംബാരോഗ്യ കേന്ദ്രം.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. രചനാ ചിതംബരം, സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് എം.എസ്. സുജ തുടങ്ങിയവര്‍ പങ്കെടുത്തു.