ജില്ലയിലെ 106 ആരോഗ്യ പദ്ധതികള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം: പൊതുജനാരോഗ്യ രംഗത്ത് മലപ്പുറം മികവിലേക്ക് ഉയരുകയാണെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ 158 പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന വ്യാപകമായി ഉദ്ഘാടനം ചെയ്ത 158 പദ്ധതികളില്‍ 106 സ്ഥാപനങ്ങളും മലപ്പുറം ജില്ലയിലാണ്.

ആരോഗ്യ രംഗത്ത് മലപ്പുറം ജില്ല കൈവരിച്ച നേട്ടങ്ങള്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ അതിജീവിക്കുന്നതിനൊപ്പം ആതുരാലയങ്ങളില്‍ ആധുനിക വികസനവും സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. മികച്ച സൗകര്യങ്ങളും ആര്‍ദ്രതയോടെയുള്ള ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പാക്കും. ഇതിനായുള്ള കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല പരിപാടിയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേ സ്വാഗതം പറഞ്ഞു.

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലെ 106 പദ്ധതികളാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരവുമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ലക്ഷ്യ പദ്ധതിയിലുള്‍പ്പെടുത്തി തിരൂര്‍ ജില്ലാശുപത്രി, പെരിന്തല്‍മണ്ണ ജില്ലാശുപത്രി, മലപ്പുറം താലൂക്കാശുപത്രികളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മാതൃ-ശിശു ബ്ലോക്കുകളും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

തിരൂര്‍ ജില്ലാശുപത്രിയില്‍ രണ്ട് കോടി രൂപയുടെ പ്രവര്‍ത്തനങ്ങളും പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ രണ്ട് കോടി 44 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളും മലപ്പുറം താലൂക്കാശുപത്രിയില്‍ 67 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളുമാണ് നടത്തിയത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 18 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയിട്ടുളളത്.

ജില്ലയില്‍ സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഏഴ് സബ്സെന്ററുകളായ കോതമുക്ക്, മണ്ടന്‍മൂഴി, മുതുവല്ലൂര്‍, ഒളമതില്‍, എളമ്പിലിക്കോട്, കീഴുപറമ്പ്, പരതിക്കാട് എന്നിവയുടെ ഉദ്ഘാടനവും നടന്നു. ജില്ലയിലെ 95 ആയുഷ്മാന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ രണ്ടാം ഘട്ടം പ്രവൃത്തിയുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. ഒരു കോടി 66 ലക്ഷം രൂപയാണ് 95 സബ് സെന്ററുകളുടെ (ആയുഷ്മാന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ) രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി അനുവദിച്ചിട്ടുളളത്.