മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും ഇനി മികച്ച പരിചരണം മാതൃശിശു ബ്ലോക്ക് ആതുരാലയത്തിന് സമര്‍പ്പിച്ചു
മലപ്പുറം: പ്രസവ സമയത്തും പ്രസവാനന്തരവും അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കി മലപ്പുറം താലൂക്ക് ഗവ. ആശുപത്രി. ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മാതൃശിശു ബ്ലോക്ക് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാതൃശിശു ക്ഷേമത്തിനും ചികിത്സയ്ക്കും നിലവിലുള്ള സൗകര്യങ്ങള്‍ ആധുനികവത്കരിക്കുകയും അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പുതിയ കെട്ടിട സമുച്ചയം ഒരുക്കിയത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള ‘ലക്ഷ്യ’ പദ്ധതിയിലുള്‍പ്പെടുത്തി 67 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ മുഴുവന്‍ സമയവും അണുവിമുക്തമാക്കാന്‍ സൗകര്യമുള്ള ലേബര്‍ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നവജാത ശിശുക്കള്‍ക്കുള്ള അത്യാഹിത വിഭാഗം, സ്റ്റോര്‍ റൂം തുടങ്ങിയ സംവിധാനങ്ങളാണുള്ളത്.
ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ പുതിയ മാതൃശിശു ബ്ലോക്കിന്റെ സമര്‍പ്പണം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ശിലാഫലകവും എം.എല്‍.എ അനാഛാദനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.എല്‍.എ പറഞ്ഞു. സാധാരണക്കാരായ രോഗികള്‍ക്ക് ആധുനിക ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇത് പൂര്‍ണമായും ജനങ്ങളിലേക്കെത്താന്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജന്‍ ഡോ. എ. ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി, സ്ഥിരം സമിതി അധ്യക്ഷരായ സിദ്ദിഖ് നൂറേങ്ങല്‍, പി.കെ. സക്കീര്‍ ഹുസൈന്‍, പി.കെ. അബ്ദുള്‍ ഹക്കീം, മറിയുമ്മ ഷരീഫ്, ആശുപത്രി സൂപ്രണ്ട് ഡോ. സി. അലിഗര്‍ ബാബു, ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു