മലപ്പുറം: പോരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍ പരിപാടിയില്‍ അധ്യക്ഷനായി. ഡി.പി.എം ഡോ. എ. ഷിബുലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2019 ലാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 15 ലക്ഷവും പോരൂര്‍ ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷവും ചെലവഴിച്ചാണ് ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ദിനംപ്രതി 150 ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആറ് സബ് സെന്ററുകളാണ് പോരൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ മുബാറക്ക്, ശിവശങ്കരന്‍, പഞ്ചായത്ത് അംഗങ്ങളായ ശങ്കരനാരായണന്‍, ഭാഗ്യലക്ഷ്മി, സക്കീന, മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഷ്മ.വി. ശ്രീധര്‍, പഞ്ചായത്ത് സെക്രട്ടറി സത്യനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.