മലപ്പുറം: ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃ-ശിശു ബ്ലോക്കിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആശുപത്രിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നജീബ് കാന്തപുരം എം.എല്‍എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അധ്യക്ഷയായി.

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതികളുടെ ഭാഗമായാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ രണ്ടു കോടി 44 ലക്ഷം രൂപ ചെലവില്‍ എന്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ലക്ഷ്യ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

2018-19 പദ്ധതി പ്രകാരം പൊതുമേഖലാ സ്ഥാപനമായ കെ.ഇ.എല്‍ ആണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ആന്റി നാറ്റല്‍ വാര്‍ഡ്, പോസ്റ്റ് നാറ്റല്‍ വാര്‍ഡ്, പീഡിയാട്രിക്ക് വാര്‍ഡ്, പീഡിയാട്രിക്ക് സ്‌പെഷ്യല്‍ വാര്‍ഡ് എന്നീ നാലു വാര്‍ഡുകളും അതിനനുബന്ധ സൗകര്യങ്ങളുമാണ് സജ്ജമാക്കിയത്.

ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ആശുപത്രി വികസന സമിതി അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ.മുസ്തഫ, തസനീമ ഫിറോസ്, ഹുസൈന നാസര്‍, ടി.പി.ഹാരിസ്, എ. കെ.നാസര്‍, അബൂബക്കര്‍ തൈയ്യില്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ആരതി രഞ്ജിത്ത്, ആര്‍.എം.ഒ.ഡോ.പി.കെ. അബ്ദുള്‍ റസാക്ക്, ജനപ്രതിനിധികള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.