വയനാട് ചുരം ബദല്‍റോഡ്; സര്‍വകക്ഷി യോഗം ചേര്‍ന്നു

കല്‍പ്പറ്റ: ചുരത്തില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ദിവസങ്ങളോളം ഒറ്റപ്പെടുന്ന വയനാട് ജില്ലയ്ക്ക് ആശ്വാസമാകാന്‍ ചുരമില്ലാത്ത ബദല്‍റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളിലാണ് യോഗം ചേര്‍ന്നത്. ചുരമില്ലാത്ത ബദല്‍റോഡ് യാഥാര്‍ത്ഥ്യമാക്കി ജില്ലയിലേക്കുള്ള ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ഒറ്റക്കെട്ടായി ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ഒറ്റപ്പെടുന്ന വയനാടിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായ മുന്നേറ്റമാണ് വേണ്ടതെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. പ്രശ്‌ന പരിഹാരത്തിനായി എം.ഐ ഷാനബാസ് എം.പി ചെയര്‍മാനായും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വര്‍ക്കിംഗ് ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ കണ്‍വീനറായും എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരടങ്ങിയ ബൃഹത്തായ കര്‍മ്മ സമിതിയും രൂപികരിച്ചു. ജില്ലയുടെ ആവശ്യം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സജീവ പരിഗണയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും എം.പിമാരുടെയും നേതൃത്വത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്ന് എം.ഐ ഷാനബാസ് എം.പി പറഞ്ഞു. ചുരത്തിന്റെ നിയന്ത്രണം കോഴിക്കോട് കളക്ടറെ കൂടാതെ വയനാട് കളക്ടര്‍ക്കു കൂടി നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി അനുകൂല നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. ബദല്‍റോഡുകളുടെ സാധ്യതാപട്ടിക തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കഴിയണം. പ്രദേശിക വികാരങ്ങള്‍ക്കുപരി ജില്ലയുടെ ആവശ്യമെന്ന വികാരത്തിലേക്കുയരാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സൂചിപ്പിച്ചു. വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ പഠനം നടത്തി അനുയോജ്യമായ ബദല്‍പാത കണ്ടെത്താന്‍ സാധിക്കണമെന്നും തീരുമാനങ്ങള്‍ കടലാസില്‍ ഉറങ്ങുന്നതിനു പകരം പ്രായോഗിക തലത്തില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ബദല്‍പാതയ്ക്ക് ആവശ്യമായി വരുന്ന എല്ലാ രേഖകളും യഥാസമയം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു.
ജില്ലയിലേക്കുള്ള പ്രധാന കവാടമായ ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെടുമ്പോള്‍ വയനാട് ഒറ്റപ്പെടുന്നത് കാലങ്ങളായുള്ള ദുഃരവസ്ഥയാണ്. ഇത് വ്യാപാരികളെയും യാത്രക്കാരെയും രോഗികളെയും ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. യോഗത്തില്‍ പി.പി.എ കരീം, കെ.എല്‍ പൗലോസ്, ഗഗാറിന്‍, കെ. സദാനന്ദന്‍, കെ.കെ അഹമ്മദ് ഹാജി, എന്‍.ഡി അപ്പച്ചന്‍, സരസ്സമ്മ, കെ.വി ശശി, ആന്റണി, കെ.കെ ഹനീഫ, ടി. ഉഷാകുമാരി, എ. ദേവകി, അനില തോമസ്, പി.എന്‍ വിമല, വര്‍ഗീസ് മുരിയന്‍ കാവില്‍, സി. ഓമന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം പി. ഇസ്മയില്‍ നന്ദിയും പറഞ്ഞു.