തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി കേന്ദ്രീകൃത ഓക്സിജന്‍ വിതരണ ശൃംഖല പ്രവര്‍ത്തനം തുടങ്ങി

ഇടുക്കി: സംസ്ഥാന ആതുര സേവന രംഗം വളര്‍ച്ചയുടെ നിര്‍ണ്ണായകമായ ഒരു പടവ് കൂടി പിന്നിടുകയാണെന്ന് ആരോഗ്യ – വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്സിജന്‍ ശൃംഖലയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളില്‍ 16.69 കോടി രൂപ ചിലവഴിച്ച് നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. 126 ഹെല്‍ത്ത് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 5 ജില്ലാ ആശുപത്രിയിലെ പദ്ധതികള്‍, രണ്ട് ജനറല്‍ ആശുപത്രിയിലെ പദ്ധതികള്‍, രണ്ട് കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജിംഗ് സെന്റര്‍, ഒരു റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. കോവിഡ്, സിക, നിപ തുടങ്ങിയവ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതികളെല്ലാം യാതാര്‍ത്ഥ്യമാക്കാനായതെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ച വ്യാധികളെ അതിജീവിക്കുന്നതിന് വേണ്ടിയിട്ടുള്ള മാതൃകാ പരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പകര്‍ച്ച വ്യാധികള്‍ ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കുമ്പോഴും ആരോഗ്യ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടു പോകുന്നതിന് സര്‍ക്കാരിനായി. ഇതിന്റെ ഭാഗമായാണ് ഇത്രയും പദ്ധതികളുടെ പൂര്‍ത്തീകണം സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ യാതാര്‍ത്ഥ്യമാക്കാനായത്. സബ്സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ വികസനമെത്തിക്കാനായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആര്‍ദ്രം പദ്ധതി പ്രകാരം ഗവണ്‍മെന്റ് ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരുന്നു. ഗുണ നിലവാരമുള്ള ചികിത്സയും, മികച്ച സേവനവും ആര്‍ദ്രം പദ്ധതിയിലൂടെ ഉറപ്പാക്കാനായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ജീവിതശൈലീ രോഗങ്ങളുണ്ടായിരുന്നു എന്നാണ് കണക്കുകള്‍. മറ്റ് മരണങ്ങളുടെ കണക്കെടുത്താലും അറുപത് ശതമാനത്തിലധികവും ജീവിത ശൈലീ രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ ജീവിത ശൈലീ രോഗങ്ങള്‍ കുറച്ച് കൊണ്ടുവരുന്നതിന് മുന്‍ഗണന കൊടുത്തുള്ള കര്‍മ്മ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ട്. ഇതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളും ചേര്‍ന്ന് സംയുക്തമായി ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ക്ഷയ രോഗം, മലമ്പനി തുടങ്ങിയവ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള കര്‍മ്മ പദ്ധതിയും ആരോഗ്യ വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങില്‍ എംഎല്‍എ പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പുതിയ അഡീഷണല്‍ ബ്ലോക്ക് നിര്‍മിക്കാന്‍ 18 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചുണ്ടെന്ന് പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. പ്രവേശന കവാടവും ആശുപത്രിയിലേക്കുള്ള റോഡും വീതി കൂട്ടി നിര്‍മിക്കേണ്ടതുണ്ട്. ഡയാലിസിസ് സൗകര്യം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിനായി നെഫ്രോളജിസ്റ്റിന്റേതടക്കമുള്ള തസ്തിക അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം.ജെ. ജേക്കബ്, ഇന്ദു സുധാകരന്‍, തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ്, എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ആശുപത്രി ആര്‍എംഒ ഡോ. പ്രീതി സി.ജെ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ ആര്‍. അനില്‍കുമാര്‍ കൃതജ്ഞതയും പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ബ്രാഹ്‌മിന്‍സ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലാ ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ ശൃംഖല സ്ഥാപിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതിയുടെ മുതല്‍മുടക്ക്. പൈപ്പ് ലൈന്‍ മുഖേന കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ വാര്‍ഡിലെ 62 ബെഡുകളിലും, ഹൈ ഡിപെന്റന്‍സി യൂണിറ്റിലെ 22 ബെഡുകളിലും എത്തിക്കുവാന്‍ സാധിക്കും. കോവിഡ് മൂന്നാം തരംഗം അതി ജീവിക്കുന്നതിന് മുന്നൊരുക്കമായിട്ടാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.