കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മലാപ്പറമ്പ റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ പുതിയ കെട്ടിട നിര്‍മ്മാണം, സി.എച്ച്.സി ഉള്ളിയേരിയില്‍ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍, സി.എച്ച്.സി. ഓര്‍ക്കാട്ടേരിയില്‍ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളായ മങ്ങാട്, വയലട, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളായ കണ്ണഞ്ചേരി, പൊന്നംകോട്, ഫറോഖ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.
പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനായും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
കോഴിക്കോട് റീജ്യണിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കുള്ള പ്രതിരോധ വാക്സിന്‍ സംഭരിക്കുതിനായുള്ള ആധുനിക കേന്ദ്രം സജ്ജമാക്കുന്നതിന് 3.60 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എനേബ്ളിംങ്ങ് കോഴിക്കോട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍ ഉള്ള്യേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള്യേരി സി എച്ച് സിയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. 15.96 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂതന തെറാപ്പി സംവിധാനത്തോടെയാണ് കേന്ദ്രം. സി എച്ച് സി ഓര്‍ക്കാട്ടേരിയിലെ
ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററില്‍ 18 വയസ്സിനു താഴെ മാനസിക ശരീരിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കും. വയലട കുടുംബാരോഗ്യ കേന്ദ്രത്തില്‍ 15 ലക്ഷം രൂപ എന്‍ എച്ച് എം ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തി നടത്തിയത്. ക്വാളിറ്റി, ഐ.ഇ.സി വിഭാഗങ്ങളില്‍ ഒരു ലക്ഷം രൂപ അനുവദിച്ചു. ആവശ്യമായ ജീവനക്കാരെ നിയമിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. 15 ലക്ഷം രൂപ എന്‍.എച്ച്.എം.ഫണ്ടുപയോഗിച്ച് നിര്‍മിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് മങ്ങാട് നടന്നത്.
ഫറോക്ക് കരുവന്‍തുരുത്തി നഗരകുടുംബാരോഗ്യ കേന്ദ്രത്തിനായി മുന്‍ എംഎല്‍എയും എളമരം കരീം എംപി തന്റെ എംഎഎല്‍എ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. കുണ്ടുപറമ്പ് നഗര കുടുംബാരോഗ്യകേന്ദ്രത്തിനായി എന്‍.എച്ച്.എം ഏഴ് ലക്ഷം രൂപയുടേയും കോഴിക്കോട് കോര്‍പ്പറേഷന്‍ ഏഴ് ലക്ഷംരൂപയുടേയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതോടൊപ്പം മൂന്ന് ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളും എന്‍.എച്ച്.എം മുഖേന ലഭ്യമാക്കി. കണ്ണഞ്ചേരി നഗര പ്രാഥമികാരോഗ്യകേന്ദ്രത്തിനായി ഏഴ് ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും മൂന്ന് ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളും എന്‍.എച്ച്.എം മുഖേന ലഭ്യമാക്കി. പൊന്നംകോട് നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഏഴ് ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും മൂന്ന് ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളും എന്‍.എച്ച്.എം മുഖേന ലഭ്യമാക്കി.
വടകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഓര്‍ക്കാട്ടേരിസാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഉദ്ഘടന ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉസ്മാന്‍ നന്ദിയും അറിയിച്ചു . ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധിയായി ഡോ.ലതിക പങ്കെടുത്തു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
കുണ്ടുപറമ്പ് നഗരപ്രാഥമികാരോഗ്യ കേന്ദ്രം പരിപാടിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ കെ.റീജ അദ്ധ്യക്ഷയായിരുന്നു. മറ്റു വാര്‍ഡ് കൗണ്‍സിലര്‍മാരായ വരുണ്‍ ഭാസ്‌കര്‍, മുരളീധരന്‍, പ്രസീന, തുഷാര, മെഡിക്കല്‍ ഓഫീസര്‍ ഡോ.അപര്‍ണ രവി നന്ദിയും അര്‍പ്പിച്ചു.
മങ്ങാട് നടന്ന ചടങ്ങില്‍ കെ.എം.സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡോ.രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍, വൈസ് പ്രസിഡന്റ് നിഖില്‍ രാജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിച്ചു ചിറക്കല്‍, ഷബ്ന അരങ്ങാട്ട്, അബ്ദുള്ള മാസ്റ്റര്‍ മെംബര്‍മാരായ ഖൈരുന്നിസ റഹിം, അനിസ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലത എന്നിവര്‍ സംസാരിച്ചു.
വയലടയില്‍ നടന്ന ചടങ്ങില്‍ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇ.വി.ഖദീജ, മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേശന്‍ കെ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ത്രിവേണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി.സഹീര്‍ മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.വിപിന്‍, ഡോ.ശരണ്യ ദാസ്, വാര്‍ഡ് മെമ്പര്‍മാരായ റംല ഹമീദ്, കെ.കെ.ബാബു, ഷാജു നരിപ്പാറ, ദേവദാസ് കുറുമ്പോയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.