തൃശൂര്‍: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാലത്ത് അന്യവല്‍ക്കരിക്കപ്പെട്ട ആദിവാസി ജനവിഭാഗത്തെ ചേര്‍ത്തു പിടിക്കുകയാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ആദിവാസി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി മല കയറിയതും റേഞ്ച് ലഭ്യമല്ലാതെ പലര്‍ക്കും പഠനം മുടങ്ങിയതും ഇനി പഴങ്കഥ. ഇ ബ്രിഡ്ജ്, സൗജന്യ വൈ ഫൈ പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 18ന്‌ രാവിലെ 9.30 ന് ശാസ്താംപൂവം സാംസ്‌കാരിക നിലയത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. പുതുക്കാട് എം എല്‍ എ കെ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് ഏറെ ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ശാസ്താംപൂവം,കാരിക്കടവ് ആദിവാസി കോളനികളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കി കൊടുക്കുന്നതിന് ഇ – ബ്രിഡ്ജ് തീര്‍ത്തിരിക്കുകയാണ് പഞ്ചായത്ത്. പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ തനത് ഫണ്ട് വിഹിതവും ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഫണ്ടും ചേര്‍ത്ത് 5 ലക്ഷം വിനിയോഗിച്ചാണ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയത്.

വെള്ളികുളങ്ങര ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ച് പരിധിയില്‍ വരുന്ന ചൊക്കന പ്രദേശത്ത് നിന്നും 12കിലോമീറ്റര്‍ വനത്തിലൂടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചാണ് ആദിവാസി കോളനിയില്‍ വൈ ഫൈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഊരുകളില്‍ ലാന്‍ഡ്‌ഫോണ്‍ സൗകര്യവും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ മറ്റത്തൂരിന്റെ രണ്ട് ആദിവാസി ഊരുകളിലും ഇടതടവില്ലാതെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. രണ്ട് ഊരുകളിലുമുള്ള 98 കുടുംബങ്ങള്‍ക്കാണ് ഇ- ബ്രിഡ്ജ് സേവനം ലഭിക്കുക. ഇതില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ നായരങ്ങാടി, വെള്ളികുളങ്ങര ജി യു പി എസ്, ഗവ വെല്‍ഫയര്‍ എല്‍ പി എസ് സ്‌കൂള്‍ വാഴച്ചാല്‍ തുടങ്ങിയ വിദ്യാലയങ്ങളിലെ 50 വിദ്യാര്‍ത്ഥികളുണ്ട്.ഗോത്ര വര്‍ഗ മേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നതോടെ ഇവരുടെ ജീവിതനിലവാരത്തിലും വലിയ മാറ്റം വരും. ഇന്റര്‍നെറ്റ് പൗരാവകാശമായി മാറുന്ന കാലഘട്ടത്തില്‍ ഊരിലെ ജനതയ്ക്ക് ആധുനിക സാങ്കേതികവിദ്യ ഒരുക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പറഞ്ഞു.