തൃശൂര്‍: രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ അറിയിച്ചു. ആശുപത്രിയില്‍ ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ആശുപത്രിയില്‍അടുത്ത പത്തു വര്‍ഷത്തേക്ക് നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് തയ്യാറാക്കുന്നത്. നേത്ര ചികിത്സ, മര്‍മ്മ ചികിത്സ, വിഷചികിത്സ, മാനസിക ചികിത്സ, സിദ്ധ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറ് പേരെ അഡ്മിറ്റ് ചെയ്യാന്‍ തക്കവണ്ണം സൗകര്യമുള്ളഈ സ്ഥാപനത്തില്‍ ഇപ്പോള്‍ അന്‍പത് രോഗികളാണുള്ളത്. നൂറ്കിടക്കകളുള്ള ആശുപത്രിയാക്കി ഉയര്‍ത്താനുള്ള പൊതുജനങ്ങളുടെ ആവശ്യം സര്‍ക്കാരിനെ അറിയിക്കാനും യോഗം തീരുമാനമെടുത്തു.ആശുപത്രി മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കും. ആശുപത്രിയില്‍ സി സി ടി വി ക്യാമറ തുടങ്ങി അടിയന്തര പ്രധാന്യമുള്ള വിഷയങ്ങള്‍ നടപ്പിലാക്കാനും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വല്ലഭന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികള്‍, ഉദോഗ്യസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.