എറണാകുളം :സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ്മിഷൻ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 859 വീടുകളുടെ ഗൃഹപ്രവേശം 18 ന് നടക്കും. പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും.

12.45 ന് കളമശ്ശേരി നഗരസഭയുടെ കുടുംബ സംഗമവും ഗൃഹപ്രവേശനവും മന്ത്രി പി.രാജീവ് നിർവഹിക്കും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഗൃഹപ്രവേശനവും നടക്കും.

ജില്ലയിൽ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ 579 വീടുകളും നഗരസഭാ പ്രദേശങ്ങളിൽ 280 വീടുകളുമാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഏറ്റവും കൂടുതൽ നിർമ്മാണം പൂർത്തിയാക്കിയത് പിണ്ടി മന പഞ്ചായത്താണ്. 40 വീടുകളുടെ നിർമ്മാണം പഞ്ചായത്തിൽ പൂർത്തിയാക്കി. അശമന്നൂർ-32, പാമ്പാക്കുട – 30, പായിപ്ര -25, കോട്ടപ്പടി -25, വാഴക്കുളം – 20, വെങ്ങോല-20 വീടുകളും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിലാകെ 19068 വീടുകളാണ് പൂര്‍ത്തിയാക്കിയത്. മൂന്നാം ഘട്ടത്തില്‍ സ്വന്തമായി സ്ഥലമില്ലാത്ത ആളുകള്‍ക്കായുള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണം ആണ് പുരോഗമിക്കുന്നത്. 1575 ഭൂരഹിതര്‍ക്കാണ് ജില്ലയില്‍ ഇതു വരെ ലൈഫ് മിഷന്‍ വഴി വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ജില്ലയില്‍ തോപ്പുംപടി, അയ്യമ്പുഴ, കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളില്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. തോപ്പുംപടിയില്‍ 88 പേര്‍ക്കും അയ്യമ്പുഴയില്‍ 44 പേര്‍ക്കും കൂത്താട്ടുകുളത്ത് 36 കുടുംബങ്ങള്‍ക്കും സ്വന്തമായ ഭവനം എന്ന സ്വപ്നം ഇതോടെ പൂര്‍ത്തിയാവും. ഇതിനു പുറമെ അങ്കമാലിയിലും കീഴ്മാടുമായി 12 വീതം കുടുംബങ്ങള്‍ ഭവനസമുച്ചയങ്ങളില്‍ പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ നിലവില്‍ ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞു.

ജില്ലയില്‍ ലൈഫ് മിഷൻറെ ആദ്യ ഘട്ടത്തില്‍ അനുവദിച്ച ഭൂരിഭാഗം വീടുകളുടെയും രണ്ടാം ഘട്ടത്തില്‍ അനുവദിച്ച 96 ശതമാനം വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയായി.