എറണാകുളം: ഓക്സിജൻ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടി രാമമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ ഓക്സിജൻ ജനറേറ്റർ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ 33 ഓക്സിജൻ കിടക്കകളിലേക്ക് മുഴുവൻ സമയവും ഓക്സിജൻ ലഭ്യമാക്കുന്നതിനു പുറമേ മറ്റ് ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കുന്നതിനും സാധിക്കും. 20 ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ ജനറേറ്റർ ഫാക്ടാണ് സംഭാവന ചെയ്തത്. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യ വിഭാഗം എന്നിവ സംയുക്തമായാണ് മറ്റ് സൗകര്യങ്ങൾ ഒരുക്കിയത്.
അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ് ഷാജു മുഖ്യാതിഥിയായിരുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി.ജോർജ്, വൈസ് പ്രസിഡൻ്റ് ജിൻസൺ പോൾ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത വിജയൻ, രാമമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ജോബ് സി.ഒ എന്നിവർ പ്രസംഗിച്ചു.