* ജില്ലയില്‍ പൂര്‍ത്തിയായത് 941 വീടുകള്‍

* ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം സെപ്റ്റംബര്‍ 18  ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ ജില്ലയില്‍ ഇക്കാലയളവില്‍ 941 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഇതില്‍  735 വീടുകള്‍ ഗ്രാമപഞ്ചായത്തുകളിലും  206 എണ്ണം മുനിസിപ്പാലിറ്റികളുമാണ്. ജില്ലയില്‍ അതത് തദ്ദേശ സ്ഥാപന മേഖലകളില്‍ താക്കോല്‍ ദാനം നടക്കും.

ചേര്‍ത്തല നഗരസഭയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് പങ്കെടുക്കും. പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ പരിപാടികളില്‍ എച്ച്. സലാം എം.എല്‍.എയും തൈക്കാട്ടുശേരി, കോടംതുരുത്ത് പഞ്ചായത്തുകളില്‍ ദലീമ ജോജോ എം.എല്‍.എയും, ആര്യാട് പഞ്ചായത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറും പങ്കെടുക്കും.

ജില്ലയില്‍ പറവൂര്‍, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നിവിടങ്ങളില്‍ ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 19584 വീടുകളാണ് പൂര്‍ത്തിയായത്.