ആലപ്പുഴ: കോവളം- ബേക്കല്‍ ജലപാത രണ്ടു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ജലഗതാഗത വകുപ്പ് പുതുതായി നിര്‍മിച്ച് നീറ്റിലിറക്കിയ കാറ്റാമറൈന്‍ ബോട്ട് സര്‍വീസുകളുടെ ഉദ്ഘാടനം പെരുമ്പളത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കോവളം- ബേക്കല്‍ പദ്ധതി നടപ്പാകുന്നതോടെ ആഗോള ടൂറിസം മേഖലയില്‍ കേരളത്തിന് സവിശേഷമായ ഒരു ഇടം ലഭിക്കും. 616 കിലോമീറ്റര്‍ നീളമുള്ള ജലപാത വഴി കുറഞ്ഞ ചെലവില്‍ യാത്രയും ചരക്കുനീക്കവും വിനോദസഞ്ചാരവും ഉള്‍പ്പെടെ നിരവധി നേട്ടങ്ങളുണ്ടാകും.

ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ശനിയാഴ്ച (സെപ്റ്റംബര്‍ 18) മുതല്‍ റെസ്‌ക്യൂ ബോട്ട് പെരുമ്പളത്തു തന്നെ ഇടുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ജലഗതാഗത വകുപ്പിന്റെ രണ്ടു സോളാര്‍ ബോട്ടുകളില്‍ ഒരെണ്ണം പെരുമ്പളത്തേക്ക് സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇന്നലെ ഉദ്ഘാടനം ചെയ്ത രണ്ട് ബോട്ടുകളില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ബോട്ട് പാണാവള്ളി- പെരുമ്പളം, ദ്വീപ് മാര്‍ക്കറ്റ്- ജെട്ടി സര്‍വീസിനാണ് ആദ്യം ഉപയോഗിക്കുക. ഒരു ബോട്ട് എറണാകുളത്തേക്ക് സര്‍വീസ് നടത്തും.

ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ. എ.എം. ആരിഫ് എം. പി. മുഖ്യാതിഥിയായിരുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍് വി.വി. ആശ, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശോഭന ടീച്ചര്‍, സി.പി. വിനോദ് കുമാര്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.