കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പെരിന്തല്‍മണ്ണ അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി ക്യാമ്പസില്‍ നടപ്പാക്കുന്ന ഹൈഡന്‍സിറ്റി ബാംബൂ പ്ലാന്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ എം.പി.അബ്ദു സമദ് സമദാനി എം.പി വിശിഷ്ടാതിഥിയായി. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരന്‍ അധ്യക്ഷനായി.

നാഷനല്‍ ബാംബൂ മിഷന്റെ സഹായത്തോടെയാണ് കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ഹൈഡന്‍സിറ്റി ബാംബൂ പ്ലാന്റേഷന്‍ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലുടനീളം 588 ഹെക്ടര്‍ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 300 ഓളം സ്ഥലത്ത് മുളകള്‍ വച്ചുപിടിപ്പിച്ചു. നാളിതുവരെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവിന് പരിഹാരം കൂടിയാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും കഴിയും. ഹൈഡന്‍സിറ്റി ബാംബൂ പ്ലാന്റേഷന്‍ പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ളത്. 60:40 ശതമാനം എന്ന ആനുപാതത്തിലാണ് ഫണ്ട്. മൂന്ന് വര്‍ഷമായാണ് തുക ലഭ്യമാക്കുക.

കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എ.എം.അബ്ദുള്‍ റഷീദ്, ഡയറക്ടര്‍ അലിഗഡ് മുസ്ലീം യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍ ഡോ.കെ.പി.ഫൈസല്‍, കോഴിക്കോട് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്ട്രി ആര്‍.കീര്‍ത്തി, കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, പ്രിന്‍സിപ്പല്‍ സയന്റ്റിക്സ്റ്റ് കെ.എഫ്.ആര്‍.ഐ ഡോ.കെ.വി.മുഹമ്മദ്കുഞ്ഞി, കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ പ്രൊജക്ട് മാനേജര്‍ മുജീബ്റഹ്‌മാന്‍, വാര്‍ഡ് അംഗം സുധീര്‍ ബാബു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.