മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ശനിയാഴ്ച (2021 സെപ്തംബര്‍ 18) 1,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,528 പേര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.42 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്ക് ഉറവിടമറിയാതെയാണ് വൈറസ്ബാധ. മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്. അതിനിടെ ജില്ലക്ക് ആശ്വാസമായി 2,689 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 5,13,208 പേരായി.

56,466 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,479 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 797 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 252 പേരും 124 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 144 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.