കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്ന പുതിയ പദ്ധതിയുമായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന് കീഴിലുള്ള മൂന്ന് ഗവണ്മെന്റ് സ്കൂളുകളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തട്ടേക്കാട് ഗവണ്മെന്റ് യു.പി സ്കൂളില്‍ പ്രസിഡന്റ് വിജയമ്മ ഗോപി നിര്‍വ്വഹിച്ചു.
രാവിലെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതെയാണ് പല കുട്ടികളും ക്ലാസിലെത്തുന്നത്. ഇത് അവരുടെ പഠനത്തെ ബാധിക്കും. ഈ അവസരത്തിലാണ് പ്രഭാത ഭക്ഷണം പദ്ധതി എന്ന ആശയം പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് വിജയമ്മ ഗോപി പറഞ്ഞു. ആറ് ലക്ഷം രൂപയാണ് ഇതിനു വേണ്ടി ഈ അദ്ധ്യയനവര്‍ഷം വകയിരുത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലും പദ്ധതി തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തട്ടേക്കാട് ഗവണ്മെന്റ് യു.പി സ്കൂളിന് പുറമെ ഗവണ്മെന്റ് എല്‍.പി.എസ്.കുട്ടമ്പുഴ, ഗവ: എല്‍.പി.എസ്.കുറ്റിയാംചാല്‍ എന്നിവിടങ്ങളിലും പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചിട്ടുണ്ട്. അപ്പം, പുട്ട്, ഉപ്പുമാവ്, തുടങ്ങി വിവിധ തരത്തിലുള്ള പ്രഭാത ഭക്ഷണങ്ങളാണ് ഓരോ ദിവസവും നല്‍കുന്നത്. ഉച്ചഭക്ഷണം പോലെ ഇതും സ്കൂളില്‍ തന്നെ ഉണ്ടാക്കും. രാവിലെ ഒന്‍പത് മണിയോടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും. അതിന് ശേഷമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
ചടങ്ങില്‍ പി. പി. ജബ്ബാര്‍, അബ്ദുള്‍ കരീം തട്ടേക്കാട് ഗവ:യു.പി.എസ് പ്രധാനാധ്യാപകന് എം.ഡി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: തട്ടേക്കാട് ഗവ: യു.പി സ്കൂളില്‍ പ്രഭാത ഭക്ഷണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി ഉദ്ഘാടനം ചെയ്യുന്നു.