അന്താരാഷ്ട്ര ശുചീകരണ ദിനത്തോടനുബന്ധിച്ച് ‘ഓപ്പറേഷന്‍ ബ്ലൂ ബീറ്റ്’ നടത്തി കോസ്റ്റല്‍ പൊലിസ്. നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ കൊല്ലം ബീച്ചില്‍ നടന്ന തീരശുചീകരണവും പുന്നതൈ നടീലും എം. മുകേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള ബീച്ച് ക്ലീനിങ് സര്‍ഫ് റേക്ക് ഉപകരണത്തിന്റെ പ്രവര്‍ത്തനം ഉടന്‍ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി ബീച്ച് പരിസരത്ത് എം.എല്‍.എ. പുന്നതൈ നട്ടു. 50 തൈകളാണ് ബീച്ചില്‍ കോസ്റ്റല്‍ പോലീസ് നട്ടത്. ഇവയുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ എം. സി. പ്രശാന്തന്‍ പറഞ്ഞു.
ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലും തീരശുചീകരണം നടന്നു. കടലിന്റെ മക്കള്‍ സാംസ്‌കാരിക സമിതിയുടെ സഹകരണത്തോടെ കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തിലുള്ള അഷ്ടമുടിക്കായലിലെ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജനം മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തോളം വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ അഷ്ടമുടി കായലില്‍ നിന്ന് അജൈവമാലിന്യം ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ നീണ്ടകര ഹാര്‍ബറില്‍ എത്തിച്ച കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഷ്‌റഡ്ഡിങ് യൂണിറ്റില്‍ എത്തിച്ച് സംസ്‌കരിക്കും.
കടലോരജാഗ്രത സമിതിയുടെ സഹകരണത്തോടെ നീണ്ടകര സര്‍ക്കാര്‍ താലൂക്ക് ആശുപത്രി പരിസരത്തെ ശുചീകരണവും തൈ നടീലും ചവറ ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പരിസരത്ത് 50 പുന്ന തൈകളാണ് നട്ടത്.
ഫാത്തിമ മാതാ നാഷണല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ പി.ജെ സര്‍ലിന്‍, കെ. പി. ഓ. ജോയിന്റ് സെക്രട്ടറി കെ. ഉദയന്‍, സബ് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, എസ് ഐമാരായ വിശ്വനാഥന്‍, മധു, സി.പി.ഒമാരായ സഞ്ജയന്‍,ജിബു, മഞ്ജിലാല്‍, പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനര്‍ രഞ്ജിത്ത്, കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മറ്റ് ബീറ്റ് ഓഫീസര്‍മാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എന്‍.എസ.്എസ് വളണ്ടിയര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.