കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമായി തുടരുന്നു. കാവനാട് അരവിള ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ക്യാമ്പ് നടന്നു. ഓണ്‍ലൈന്‍, സ്‌പോട്ട് റജിസ്‌ട്രേഷനുകള്‍ വഴി 250 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കോവിഷീല്‍ഡ് ആണ് നല്‍കിയത്.

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 30,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഡി. സി. സി.യില്‍ 10 രോഗികളാണ് നിലവിലുള്ളത്. 199 ആക്റ്റീവ് കേസുകള്‍ പഞ്ചായത്തിലുണ്ട്. വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയതായി പ്രസിഡന്റ് ആര്‍. ജയന്‍ പറഞ്ഞു.

തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ 14000 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സേവ്യര്‍ പറഞ്ഞു. കിടപ്പു രോഗികളായവര്‍ക്ക് വീടുകളിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ നല്‍കി വരുന്നു.
ചിറക്കര ഗ്രാമപഞ്ചായത്തിലെ എട്ടു വാര്‍ഡുകള്‍ നിലവില്‍ അധിക നിയന്ത്രണത്തിലാണ്. രണ്ടു വാര്‍ഡുകളിലെ പ്രത്യേക പ്രദേശങ്ങള്‍ കണ്ടയിന്‍മന്റ് സോണിലാണ്.

21 പേര്‍ ഗൃഹനിരീക്ഷണ കേന്ദ്രത്തില്‍. 12602 കോവിഡ് പരിശോധനകളാണ് പഞ്ചായത്തില്‍ ഇതുവരെ നടത്തിയിട്ടുള്ളത്. 16200 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 5007 പേര്‍ക്ക് രണ്ട് ഡോസും എന്ന് പ്രസിഡന്റ് സി. സുശീലാ ദേവി പറഞ്ഞു. ആദിച്ചനല്ലൂരില്‍ 23 പേരാണ് ഗൃഹനിരീക്ഷണകേന്ദ്രത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം 335 പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതായി പ്രസിഡന്റ് എം. ഷീല അറിയിച്ചു.