പെരിങ്ങര പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് സ്‌കൂളുകളെ സ്മാര്‍ട്ടാക്കിയത്. നിലവില്‍ ആറ് സ്‌കൂളുകളാണ് ഇങ്ങനെ സ്മാര്‍ട്ടായി മാറിയിരിക്കുന്നത്. ഗവ. എല്‍.പി.എസ് ചാത്തങ്കേരി, ന്യു ഗവണ്‍മെന്റ് എല്‍. പി.എസ് ചാത്തങ്കരി, ഗവ. എല്‍.പി.എസ് ഇടഞ്ഞില്ലം, ഗവ. എല്‍.പി.എസ് ആലംതുരുത്തി, ഗവ. എല്‍.പി.എസ് മേപ്രാല്‍, സെന്റ് : ജോണ്‍സ് ഗവ. എല്‍.പി.എസ് മേപ്രാല്‍ വടക്ക്,  എന്നീ സ്‌കൂളുകളിലാണ് ഓരോ സ്മാര്‍ട്ട് ക്ലാസ്മുറികള്‍ നിര്‍മ്മിച്ചത്.
ആവശ്യത്തിന് ഫര്‍ണിച്ചറുകള്‍, വിദ്യാര്‍ഥികള്‍ക്കാവശ്യമായ പ്രോജക്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയവയാണ് സ്മാര്‍ട്ട് ക്ലാസിലുണ്ടാവുക. മുപ്പത് ലക്ഷം രൂപയുടേതാണ് ഈ പദ്ധതി.  ഇതിന് പുറമേ ശോചനീയാവസ്ഥയില്‍ നിലനിന്നിരുന്ന സെന്റ് : ജോണ്‍സ് ഗവ. എല്‍.പി.എസ് മേപ്രാല്‍ വടക്ക് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കും. രണ്ട് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം രൂപ ചിലവിലാണ് സ്‌കൂളിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. കൂടാതെ കടപ്ര ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മിക്കുവാന്‍ പത്ത് ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നല്‍കും. അതോടെ മുഴുവന്‍ എല്‍.പി സ്‌കൂളുകളും സ്മാര്‍ട്ടായ പഞ്ചായത്തായി പെരിങ്ങര മാറുമെന്നും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ അറിയിച്ചു.