വണ്ടൂര്‍ – നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. 2019-20 ബജറ്റിലാണ് പാലത്തിനായി 10 കോടി 90 ലക്ഷം രൂപ അനുവദിച്ചത്. നിലമ്പൂര്‍ നഗരസഭയെയും വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു കുതിരപ്പുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്.
മമ്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂര്‍ പഞ്ചായത്തിലെ കാപ്പില്‍, കാഞ്ഞിരം പാടം പ്രദേശങ്ങളിലുള്ളവര്‍ നിലമ്പൂരില്‍ എത്താന്‍ പുളിക്കലോടി വഴി 10 കിലോമീറ്ററോളമാണ് ചുറ്റി സഞ്ചരിക്കുന്നത്. പാലം വരുന്നതോടെ ദൂരം രണ്ടര കിലോമീറ്റര്‍ ആയി ചുരുങ്ങും. ഇതോടെ ജനങ്ങളുടെ ദീര്‍ഘ നാളായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്. 2021 ഫെബ്രുവരിയില്‍ ആയിരുന്നു തൃക്കൈകുത്ത് പാലത്തിന്റെ നിര്‍മാണോദ്ഘാടനം.
തൃക്കണാപുരം ഗവ.ആശുപത്രി പരിസരം ശുചീകരിച്ചു
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തവനൂരിലെ തൃക്കണാപുരം ഗവ.ആശുപത്രി പരിസരം ശുചീകരിച്ചു. നാട്ടുകാരെയും ഉള്‍പ്പെടുത്തിയായിരുന്നു ശുചീകരണം.
പുല്ലുകള്‍ വെട്ടി തെളിച്ചതിനോടൊപ്പം ആശുപത്രി പരിസരവും വൃത്തിയാക്കി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് വിജയ് ശങ്കര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.