ജില്ലയിലെ ആദ്യ കയാക്കിങ്ങ് ഫെസ്റ്റിന് തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ തുടക്കമായി. വെള്ളിയാങ്കല്ലിന് സമീപത്ത് നടന്ന പരിപാടി തൃത്താല എം.എൽ.എ കൂടിയായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റ് വിജയകരമായാൽ തൃത്താലയെ കായാക്കിങ്ങിന്റെ സ്ഥിരം വേദിയാക്കി മാറ്റുമെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഭാരതപ്പുഴയുടെ കയാക്കിങ്ങ് സാധ്യതകൾ ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം പുഴയുടെ ശുചീകരണം കൂടി കയാക്കിങ്ങ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്ങ്. വിദേശ രാജ്യങ്ങളിൽ കയാക്കിങ്ങ് പ്രധാന ടൂറിസ ആകർഷണമാണ്. കയാക്കിങ്ങ് ടൂറിസം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് കേരള വിനോദ സഞ്ചാര വകുപ്പ് വിവിധ സ്ഥലങ്ങളിൽ കയാക്കിങ് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് തൃത്താല വെള്ളിയാങ്കല്ലിൽ ഫെസ്റ്റ് സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്ക് സെപ്തംബർ 21 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ കയാക്കിങ്ങ് ചെയ്യാം.