‘അനുപമം – വിമല വിദ്യാലയം’ പദ്ധതി
കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാർത്ഥികളെ വരവേൽക്കാനായി വിദ്യാലയങ്ങൾ സജ്ജമാക്കാൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ‘അനുപമം – വിമല വിദ്യാലയം’ വിപുലമായ സ്കൂൾ ശുചീകരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, കൃഷിവകുപ്പ്, ആഭ്യന്തര വകുപ്പ് ,സാമൂഹ്യ സുരക്ഷാ, വനിതാ ശിശു വികസന വകുപ്പ്എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമഗ്ര വിദ്യാലയ ശുചീകരണവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.
ശുചിത്വ മിഷൻ, ഹരിത കേരളം , ദേശീയ ആരോഗ്യ ദൗത്യം , കുടുംബശ്രീ, എൻഎസ്എസ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ്, യുവജനക്ഷേമ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കാനൊരുക്കുന്ന പദ്ധതിക്ക് ഓരോ ഡിവിഷനിലെയും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകും. ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ പദ്ധതിയുടെ ഭാഗമായി ജല്ലയിലെ ജനപ്രതിനിധികൾ,
യുവജന സംഘടനകൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ, അധ്യാപക സംഘടനകൾ എന്നിവയുടെ കൂട്ടായ്മയിലൂടെയാണ് വിദ്യാലയ ശുചീകരണ യജ്ഞം നടപ്പിലാക്കുക.
ശുചീകരണത്തിന്റെ ഒരു ഘട്ടത്തിലും കുട്ടികൾ പങ്കെടുക്കുന്നില്ലെങ്കിലും വിദ്യാലയവും പരിസരവും ശുചിയായി നിലനിർത്താനും സുരക്ഷ ഉറപ്പാക്കാനുമുള്ള
ബോധവൽക്കരണ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കും.
ഒക്ടോബർ ഒന്നിന് ‘അനുപമം – വിമല വിദ്യാലയം’ പദ്ധതിക്ക് ജില്ലാ തലത്തിൽ തുടക്കമാകും. ഒക്ടോബർ രണ്ട് മുതൽ പ്രാദേശികമായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിൽ ജനകീയ ശുചീകരണ യജ്ഞം ആരംഭിക്കും.
എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്സ് മുറികൾ, ഉപകരണങ്ങൾ , ശുചി മുറികൾ, കുടിവെള്ള ടാങ്കുകൾ, കിണറുകൾ, അടുക്കള, വാഹനങ്ങൾ തുടങ്ങി കുട്ടികളും അധ്യാപകരും ഇടപെടുന്ന മുഴുവൻ ഇടങ്ങളിലും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കും.
കുട്ടികൾ യാത്ര ചെയ്യുന്ന പൊതു സംവിധാനങ്ങൾ, പൊതു ഇടങ്ങൾ എന്നിവയും ശുചീകരിക്കും. കുട്ടികളുമായി ഇടപെടേണ്ടിവരുന്ന കടകൾ, ട്യൂഷൻ സെന്ററുകൾ,ഡ്രൈവർമാർ എന്നിവർക്ക് പ്രത്യേക നിർദേശങ്ങൾ നൽകുകയും ബോധവൽകരണം നടത്തുകയും ചെയ്യും.
ഇതിനായി ജില്ലാ പഞ്ചായത്ത് വിവിധ തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.