മലപ്പുറം: ജില്ലയിലെ ഫിഷറീസ് വകുപ്പിനു കീഴിലെ സാഫ് ഏജന്‍സി നടപ്പിലാക്കുന്ന തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകള്‍ പൊന്നാനി ഹാര്‍ബര്‍, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊന്നാനി ഹാര്‍ബറില്‍ ആരംഭിച്ച കടലമ്മ സീ ഫുഡ് റെസ്റ്റോറന്റ് പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറവും വള്ളിക്കുന്നില്‍ ആരംഭിച്ച വെറൈറ്റി സീ ഫുഡ് റെസ്റ്റോറന്റ് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജയും ഉദ്ഘാടനം ചെയ്തു.

ആദ്യ ഘട്ടത്തില്‍ താനാളൂര്‍ ദേവദാര്‍ ടോള്‍ പ്ലാസയ്ക്കു സമീപം സാഗര, ചേളാരി പാലാ പാര്‍ക്കിനു സമീപം വൈറ്റ് ഹൗസ് എന്നീ സീ ഫുഡ് റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള അഞ്ച് വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഒരംഗത്തിന് ഒരു ലക്ഷം രൂപ വീതം അഞ്ച് ലക്ഷം രൂപയാണ് ഒരു ഗ്രൂപ്പിന്റെ ധനസഹായം.