മലപ്പുറം: ആദിവാസി കോളനികളില്‍ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനായി നബാര്‍ഡ് ജന്‍ശിക്ഷണ്‍ സന്‍സ്ഥാന് അനുവദിച്ച പട്ടിക വര്‍ഗ വികസന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള പങ്കാളിത്ത പഠന പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി. പദ്ധതിയുടെ ആസൂത്രണം വിലയിരുത്തുന്നതനായി നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ കണ്ണംകുണ്ട് കോളനിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി. പട്ടിക വര്‍ഗ വികസന പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്തുകളുടെ സഹായ സഹകരണം കൂടുതല്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചാലിയാര്‍, മൂത്തേടം, കരുളായി ഗ്രാമപഞ്ചായത്തുകളിലായി 400 കുടുംബങ്ങളുടെ സുസ്ഥിര വരുമാനത്തിന് നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് പട്ടിക വര്‍ഗ വികസന ഫണ്ടിലൂടെ നടപ്പാക്കുന്നത്. ഓരോ പട്ടികവര്‍ഗ കോളനിയുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങള്‍ സമഗ്രമായി അപഗ്രഥിച്ച് അതിന് അനുസൃതമായി വികസന പദ്ധതി തയ്യാറാക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ഇതിലൂടെ കൃഷി, മണ്ണ് സംരക്ഷണം, മത്സ്യം വളര്‍ത്തല്‍, മൃഗ സംരക്ഷണം, കലാസാംസ്‌കാരിക-വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വികസനം കൊണ്ടുവരാന്‍ കഴിയും.
അവലോകന യോഗത്തില്‍ ജെ.എസ്.എസ് ചെയര്‍മാന്‍ പി. വി. അബ്ദുള്‍ വഹാബ് എം.പി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഉസ്മാന്‍, മനോഹരന്‍, ഷീബ പൂഴിക്കുത്ത്, ജസ്മല്‍ പുതിയറ, പി. ടി ഉസ്മാന്‍, സുരേഷ് തോണിയില്‍, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.