ഇടുക്കി: സെപ്റ്റംബര്‍ 25-നുള്ളില്‍ ജില്ലയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ ജില്ലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാതെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗകര്യപ്രദമായ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും വാക്‌സിന്‍ സ്വീകരിക്കാം. നാളിതുവരെ ആദ്യ ഡോഡ് വാക്‌സിന്‍ സ്വീകരിക്കാത്ത മുഴുവന്‍ ആളുകളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ അറിയിച്ചു. സ്വകാര്യ, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേധാവികള്‍ തങ്ങളുടെ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചെന്ന് ഉറപ്പു വരുത്തണം.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 25 ന് മുന്‍പ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, വ്യാപാരി വ്യവസായികള്‍, റസിഡന്റ് അസ്സോസിയേഷനുകള്‍, മത-സമുദായ സംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ ഭാരവാഹികള്‍ തങ്ങളുടെ അംഗങ്ങളെല്ലാം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെന്ന് ഉറപ്പു വരുത്തണം.