ഇടുക്കി: സാക്ഷരത ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ വിജയിച്ചവരെ ആദരിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നും പരീക്ഷ എഴുതിയ 5 പേരും വിജയിച്ചു. ഇവരെയാണ് പാറേമാവ് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആദരിച്ചത്.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ നൗഷാദ് ടി അധ്യക്ഷനായിരുന്നു. ജൂലൈ 26 മുതല്‍ 31 വരെ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ പരീക്ഷ എഴുതിയ 81 ശതമാനം പേരും വിജയിച്ചു. നാല് പരീക്ഷാ കേന്ദ്രങ്ങളിലായി 165 പേരാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ എഴുതിയത്. ഇതില്‍ 135 പേരും വിജയിച്ചു.
വാഴത്തോപ്പ് പഞ്ചായത്തിലെ പരീക്ഷ കേന്ദ്രമായ വാഴത്തോപ്പ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ 14 പേരും വിജയിച്ചു. മിനി റ്റി.ജെ. യ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ മാത്യു, പ്രേരക്മാരായ അമ്മിണി ജോസ്, ഐബി ചാക്കോച്ചന്‍, ബിന്ദുമോള്‍, സാക്ഷരത മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.