കൊച്ചി: തരിശായി കിടക്കുന്ന നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കാന്‍ പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് കര്‍ഷക ഗ്രാമസഭയില്‍ തീരുമാനമായി. പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്  കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കുഴിക്കാട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ചേര്‍ന്ന 14,15,16,17 വാര്‍ഡുകളിലെ കര്‍ഷക ഗ്രാമസഭയിലാണ് തീരുമാനം.  പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്‍ ഗ്രാമ സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു.
തരിശുഭൂമിയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിനു കീഴില്‍ വരുന്ന 25ഓളം ഹെക്ടര്‍ ഭൂമി കൃഷി വകുപ്പുമായി ചേര്‍ന്ന് കൃഷിയോഗ്യമാക്കി തീര്‍ക്കാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ്  പറഞ്ഞു. ഇതിന്റെ ഭാഗമായി നെല്‍കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് കര്‍ഷക സഭയില്‍ കമ്മിറ്റി രൂപീകരിച്ചു. കൂടാതെ ഓണത്തിന് ഒരു മുറം പച്ചക്കറി പ്രകാരമുള്ള വിത്ത് വിതരണവും വിവിധയിനം മുളപ്പിച്ച തൈകളുടെ വിതരണവും  ഗ്രാമസഭയില്‍ നടന്നു. പയര്‍, ചീര, വെണ്ട തക്കാളി എന്നിങ്ങനെ ഏഴിലധികം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ കൃഷി വകുപ്പും പഞ്ചായത്തും സംയുക്തമായി 45000 തൈകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
കര്‍ഷക വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനും പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ഗ്രാമസഭയില്‍ കൃഷി ഓഫീസര്‍ ജോര്‍ജ് കെ.കെ പദ്ധതി വിശദീകരണം നടത്തി. കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിന് തുറന്ന വേദിയായി കര്‍ഷക ഗ്രാമസഭകള്‍ മാറിയെന്ന് കര്‍ഷകരും അഭിപ്രായപ്പെട്ടു. കൂടാതെ ഞാറ്റുവേല ചന്തയോടനുബസിച്ച് ഹൈബ്രിഡ് വിത്തുകള്‍, കാര്‍ഷികോപകരണങ്ങള്‍, ജൈവവളങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും നടത്തി.
പാടശേഖര സമിതി പ്രസിഡന്റ് അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍  അശോക് കുമാര്‍, അസിസ്റ്റന്റ് കൃഷിഓഫീസര്‍ ഷൈബി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ഗ്രാമസഭ